കൊല്ലം: രാജ്യത്തിന് മാതൃകയാകുന്ന ജനകീയ ആരോഗ്യനയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാപഞ്ചായത്ത് ആരംഭിച്ച ജീവനം ഫാർമസിയുടെ ഉദ്ഘാടനവും വൃക്ക സ്വീകരിച്ചവർക്കുള്ള സാമ്പത്തിക സഹായ വിതരണവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ക സ്വീകരിച്ച 55 പേർക്കുള്ള ഒരു ലക്ഷം രൂപയുടെ സഹായമാണ് മന്ത്രി വിതരണം ചെയ്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അദ്ധ്യക്ഷനായി. ജീവനം വർക്കിംഗ് ചെയർമാൻ എൻ.എസ്. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. ജില്ലാകളക്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഷാജു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജയ് നജീബത്ത്, അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, വസന്ത രമേശ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ബാൽഡുവിൻ, സി.പി.സുധീഷ് കുമാർ, ജയശ്രീ വാസുദേവൻപിള്ള, ഗേളി ഷണ്മുഖൻ, എസ്.സെൽവി, അംബിക കുമാരി, എസ്.സോമൻ, സെക്രട്ടറി ബിനുൻ വാഹിദ്, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അൻസാർ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
ജീവനം ഫാർമസി
വൃക്കസ്വീകരിച്ചവർക്ക്, വൃക്കരോഗ ബാധിതർ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്ക്
സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതാണ് ജീവനം ഫാർമസി. 540 പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നത്. 25 ലക്ഷത്തോളം രൂപ പ്രതിമാസം ഇതിനായി ചെലവ് വരും. ജില്ലാആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമായി സൗജന്യ ഡയാലിസിസിന് മാസം 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്.