കൊല്ലം: കഴിഞ്ഞ മൂന്നേകാൽ വർഷമായി റെയിൽവേ ഉദ്യോഗസ്ഥർ ചവിട്ടിപ്പിടിച്ചിരുന്ന കൊല്ലം എസ്.എൻ കോളേജ് ആർ.ഒ.ബി നിർമ്മാണത്തിന്റെ ഫയലിന് അനക്കംവച്ചുതുടങ്ങി.ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് അംഗീകാരം ആവശ്യപ്പെട്ട് റെയിൽവേയുടെ എറണാകുളം സെക്ഷൻ ചീഫ് എൻജിനീയറുടെ ഓഫീസിലായിരുന്ന ഫയൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കൈമാറി.
അവിടുത്തെ പരിശോധനകൾക്ക് ശേഷം ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്നാണ് ജി.എ.ഡിക്ക് അന്തിമ അംഗീകാരം ലഭിക്കേണ്ടത്.റെയിൽവേ ഓവർബ്രിഡ്ജിന്റെ റെയിൽപാളത്തിന് മുകൾ ഭാഗത്തെ രൂപരേഖയ്ക്ക് (ജി.എ.ഡി) റെയിൽവേയുടെ അനുമതി വാങ്ങണം. 2019 സെപ്തംബറിലാണ് നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ റെയിൽവേയുടെ ചെന്നൈ സെക്ഷൻ ഓഫീസിൽ രൂപരേഖ സഹിതം അപേക്ഷ നൽകിയത്. എറണാകുളം ഓഫീസ് രൂപരേഖയിൽ പലവിധ ഭേദഗതികൾ ചൂട്ടിക്കാട്ടി അപേക്ഷ പലതവണ മടക്കി. ഭേദഗതികൾ ഒരുമിച്ച് നിർദ്ദേശിക്കാതെ, അനുമതി വൈകിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്. ഏറ്രവും ഒടുവിൽ, റെയിൽവേയുടെ ഭാഗവുമായി ബന്ധമില്ലാത്ത നാഷണൽ ഹൈവേ അതോറിട്ടിയുടെ എൻ.ഒ.സിയും ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിൽ എൻ.ഒ.സി സഹിതം വീണ്ടും അപേക്ഷ നൽകിയിട്ടും ഇത്രയും കാലം എറണാകുളം ഓഫീസിൽ ഫയൽ പൂഴ്‌ത്തിവച്ചിരിക്കുകയായിരുന്നു.
എല്ലാം സ്വാധീനം
സമീപകാലത്ത് സമർപ്പിച്ച പല ജി.എ.ഡികൾക്കും കാലതാമസമില്ലാതെ അനുമതി നൽകിയ റെയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്തെ വിരലിലെണ്ണാവുന്നവരുടെ സ്വാധീനത്തിന് വഴങ്ങി എസ്.എൻ കോളേജ് ആർ.ഒ.ബിയുടെ നടപടികൾ ബോധപൂർവം വൈകിപ്പിക്കുകയായിരുന്നു. റെയിൽവേ ഗേറ്റിലെ ഗതാഗത സ്തംഭനം കണക്കിലെടുത്ത് എസ്.എൻ കോളേജ് ആർ.ഒ.ബിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആർ.ബി.ഡി.സി.കെ മാസങ്ങൾക്ക് മുമ്പേ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല.
കേന്ദ്രമന്ത്രിക്ക് നിവേദനം
എസ്.എൻ കോളേജ് ആർ.ഒ.ബിയുടെ നടപടി ക്രമങ്ങൾ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇ- മെയിൽ മുഖാന്തിരം നാട്ടുകാർ നിവേദനം നൽകും.