road

കൊല്ലം: കൊല്ലം - തേനി ദേശീയപാത വികസനത്തിൽ പുതിയ ബൈപ്പാസ് ഉണ്ടാകില്ല. നിലവിലെ റോഡ് 16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന അലൈൻമെന്റിന് അംഗീകാരമായി.

കൺസൾട്ടൻസി തയ്യാറാക്കിയ ആറ് അലൈൻമെന്റുകളിൽ ഒന്നാണ് അന്തിമമാക്കിയിരിക്കുന്നത്. ദേശീയപാത ആരംഭിക്കുന്ന കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ പേവ്ഡ് ഷോൾഡർ സഹിതം രണ്ടുവരി പാതയാണ് നിർമ്മിക്കുന്നത്.

സ്ഥലമേറ്റെടുപ്പ് ചെലവ് കുറയ്ക്കാൻ നേരത്തെ 11 കിലോ മീറ്റർ നീളത്തിൽ പെരിനാട് റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ ഭരണിക്കാവ് ഊക്കൻ മുക്ക് വരെ ബൈപ്പാസ് ആലോച്ചിരുന്നു. എന്നാൽ ഈ നിർദേശമടങ്ങിയ അലൈൻമെന്റ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തള്ളുകയായിരുന്നു.

എന്നാൽ ഭരണിക്കാവ് ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള നിർദേശം തള്ളിയിട്ടില്ല. നാലുവരെ ഫ്ലൈ ഓവർ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഭരണിക്കാവിൽ 640 മീറ്റർ നീളത്തിൽ രണ്ട് വരി ഫ്ലൈ ഓവർ മാത്രാണ് പുതിയ അലൈൻമെന്റിലുള്ളത്.

സ്ഥലം ഏറ്റെടുക്കൽ ഉടൻ

 സ്ഥലമേറ്റെടുക്കലിന് റവന്യൂ വകുപ്പ് യൂണിറ്റുകളെ നിയോഗിച്ചു

 ഏറെ വൈകാതെ ഏറ്റെടുക്കേണ്ട ഭൂമി കണക്കാക്കും

 നേതൃത്വം സ്ഥലമേറ്റെടുപ്പ് യൂണിറ്റും ദേശീയപാത ഉദ്യോഗസ്ഥരും

 ഡി.പി.ആർ തയ്യാറാക്കാനുള്ള വിവരങ്ങളും ശേഖരിക്കും

 സ്കെച്ച് തയ്യാറാക്കൽ നിലവിൽ പുരോഗമിക്കുന്നു

വികസനം

കടവൂർ - ആഞ്ഞിലിമൂട് - 54 കിലോമീറ്റർ

ദേശീയപാതയാണെങ്കിലും നിലവിൽ പലയിടങ്ങളിലും ആറ് മീറ്റർ വീതിയേയുള്ളു. അതുകൊണ്ട് തന്നെ ഈ പാതയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലയിടങ്ങളിലും അനധികൃത കൈയേറ്റവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

ദേശീയപാത അധികൃതർ