കൊല്ലം: വീടിന്റെ സിറ്റൗട്ടിലിരുന്ന ഒന്നര വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് വലിച്ചിഴച്ച് മുറ്റത്തേക്കിട്ടു. മയ്യനാട് പുല്ലിച്ചിറ കക്കാ കടവ് രാജേഷ് - ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് ആക്രമിച്ചത്. തലയ്ക്കും ശരീരത്തിൽ പലിടത്തും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മുത്തശ്ശി ഉഷയുമൊത്ത് ചുറ്റുമതിൽ ഇല്ലാത്ത വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിഞ്ഞ പാത്രം കഴുകിവയ്ക്കാൻ ഉഷ വീടിനകത്തേയ്ക്ക് കയറിയ സമയത്താണ് തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശി വടിയെടുത്ത് തെരുവ് നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. അയൽവാസികളും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മാതാവ് മൂത്തകുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അടിയന്തര ചികിത്സയ്ക്കൊപ്പം പേവിഷബാധക്കെതിരായ വാക്സിനും നൽകി.