
കൊല്ലം :തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇനി നൈപുണ്യവികസന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കന്ററി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച അരുമ മൃഗ പക്ഷി പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. ക്ലേശ രഹിതവും എളുപ്പത്തിൽ വരുമാനം നൽകുന്നതുമായ സംരംഭങ്ങളാണ് അദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുക. കാടപ്പക്ഷികൾ, മുട്ടക്കോഴികൾ, നായ്ക്കൾ, അലങ്കാരപ്പൂച്ചകൾ, വിദേശതത്തകൾ,ഓമന മൃഗങ്ങൾ, അരുമപ്പക്ഷികൾ എന്നിവ സ്റ്റാർട്ടപ്പുകളുടെ ഭാഗമാകും. സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'അരുമകൾ അലങ്കാരത്തിനും ആദായത്തിനും' എന്ന വിഷയത്തിൽ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ ഡോ.ജി.ജയദേവൻ അദ്ധ്യക്ഷനായി.ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.കെ.അജി, ലാസ്റ്റ് പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി.ഷൈൻ കുമാർ, അഡ്വ.എസ്.അനിൽകുമാർ, എസ്.സുഭാഷ് ചന്ദ്രൻ, എസ്.സന്തോഷ്, ഡോ.ആർ.സിബില എന്നിവർ സംസാരിച്ചു.