lpg

 ഗ്യാസ് ടാങ്കർ ദുരന്തത്തിന് 13 വയസ്

തഴവ: പുതുവർഷം പിറക്കാനിരിക്കെ പുത്തൻ തെരുവിനെ തീ വിഴുങ്ങിയ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്ന് പതിമൂന്ന് വയസ്. 2009 ഡിസംബർ 31ന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പുത്തൻതെരുവ് ജംഗ്ഷനിൽ ടാങ്കർ ദുരന്തം നടന്നത്.

12 ജീവനുകളാണ് നഷ്ടമായത്. ഇരുപത്തിരണ്ട് പേർക്ക് സാരമായി പരിക്കേറ്റു. അൻപതോളം ബൈക്കുകൾ, നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവ അഗ്നിയിൽ എരിഞ്ഞടങ്ങി. ചവറ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാർ, കായംകുളം ഫയർ സ്‌റ്റേഷനിലെ ഫയർമാൻ, സമീപത്തെ കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്തുവന്ന അന്യസംസ്ഥാനക്കരായ മൂന്നുപേർ, ഇവിടുത്തെ ക്ലാർക്കായ ആയൂർ സ്വദേശി, കുന്നത്തൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ എന്നിവരെ കൂടാതെ നാട്ടുകാരായ നാലുപേരുമാണ് ദുരന്തത്തിൽ മരിച്ചത്.

പാചക വാതകവുമായിവന്ന ടാങ്കർ ലോറിയും കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗ്യാസ് ടാങ്കറും ക്യാബിനും വേർപെട്ടു. റോഡിന് കുറുകെ മറിഞ്ഞ ടാങ്കറിൽനിന്ന്‌ പാചക വാതകം ചോർന്നതാണ് ദുരന്തത്തിന് കാരണമായത്. പാചകവാതക ചോർച്ചയെ തുടർന്ന് ചുറ്റുപാടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ദേശീയപാതയിൽ പത്ത് മണിക്കൂറോളം ഗതാഗതം നിറുത്തിവച്ചു. പുലർച്ചെ മുതൽ ഉച്ചവരെ നീണ്ട രക്ഷാപ്രവർത്തനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളെ കൂടാതെ പൊലീസും നാട്ടുകാരും പങ്കാളികളായി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് 12 ജീവനുകൾ നഷ്ടമായത്. അപകടത്തിൽപ്പെട്ട ടാങ്കർ വർഷങ്ങളോളം പുത്തൻതെരുവിൽ ദേശീയപാതയോരത്ത് കിടന്നിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായായി സമീപകാലത്താണ് ഇത് നീക്കം ചെയ്തത്.