palam-
നിർമ്മാണം നടക്കുന്ന മാളിയേക്കൽ മേൽപ്പാലത്തിൻ്റെ കിഴക്ക് ഭാഗം

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേൽപ്പാലത്തിന്റെ പണി 2022-ൽ പൂർത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി. മേൽപ്പാലം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. റെയിൽവേ ലൈനിന് ഇരുവശങ്ങളിലായി നാലു സ്ലാബുകൾ വീതം കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി റോഡിന്റെ ഇരുവശങ്ങളിലും അരിക് ഭിത്തി നിർമ്മിച്ച് അതിന് മീതേ കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ച് പൊതുമരാമത്ത് റോഡുമായി സംയോജിപ്പിക്കുന്നതാണ് പണി. ലെവൽ ക്രോസിന് കിഴക്കും പടിഞ്ഞാറും വശങ്ങളിൽ റോഡിന്റെ വടക്കുവശത്ത് വാൾ നിർമ്മാണം നടന്നെങ്കിലും മറുവശത്ത് നിർമ്മാണം നടക്കുന്നില്ല.

പാലം തുറന്നു കിട്ടാൻ ഇനിയും കാത്തിരിക്കണം

റെയിൽവേ ട്രാക്കിന് മീതേയുള്ള 52 മീറ്ററിൽ പാലത്തിന്റെ നിർമ്മാണം നടത്തുന്നത് റെയിൽവേ

നേരിട്ടാണ്. ട്രാക്കിന്റെ രണ്ടു വശങ്ങളിലും തൂണുകൾ നിർമ്മിക്കുന്നതിന് അടിത്തറയിട്ടിട്ടുണ്ട് .സ്റ്റീൽ നിർമ്മിത തൂണുകളും ഗർഡറുകളും മറ്റും റെയിൽവേ യാർഡുകളിൽ നിന്ന് ട്രെയിലറുകളിൽ ഇവിടേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനാൽ പടിഞ്ഞാറു ഭാഗത്ത് തെക്കേ സൈഡിൽ ഇപ്പോൾ വാൾ നിർമ്മിക്കരുതെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ട്രാക്കിന്റെ വശങ്ങളിൽ തൂണുകൾ നിർമ്മിക്കുന്ന മുറയ്ക്ക് മാത്രമെ സൈഡ് വാൾ നിർമ്മിക്കാൻ കഴിയു. പിന്നീട് അരിക് ഭിത്തികൾ ബന്ധിപ്പിച്ച് കോൺക്രീറ്റ് സ്ളാബ് നിർമ്മാണം പോലുള്ള പണികളും നടക്കേണ്ടതുണ്ട്. ഈ പണികളൊക്കെ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണം. യാത്രാദുരിതത്താൽ ബുദ്ധിട്ടുന്ന ജനങ്ങൾ പാലം തുറന്നു കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

2021 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച മാളിയേക്കൽ മേൽപ്പാലത്തിന് 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണുള്ളത്. നിർമ്മാണച്ചെലവ് 33.04 കോടി രൂപയും.