കോഴിക്കോട് : മധുരം നുള്ളി ആ മിഠായിത്തെരുവിലൂടെയൊന്ന് 'ഓടിക്കളിക്കണ'മെന്ന ചിന്തയോടെയാണ് ആദിത്യ കോഴിക്കോട് പോകാൻ തയ്യാറെടുക്കുന്നത്. അമ്മയുടെ തോളിൽ നിന്നും ഇറങ്ങിയോടണമെന്ന ആഗ്രഹം നടക്കണേയെന്ന പ്രാർത്ഥന എല്ലാവർക്കുമുണ്ട്. ഒപ്പം കലോത്സവത്തിൽ ഒന്നാമനായി മടങ്ങിവരണമെന്നും!
ഹയർ സെക്കൻഡറി വിഭാഗം മലയാളം പദ്യംചൊല്ലലിൽ അയ്യപ്പണിക്കരുടെ അഗ്നിപൂജ ആലപിച്ചാണ് ആദിത്യ സുരേഷ് കൊല്ലം ജില്ലയിൽ നിന്നും ഒന്നാമനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യനായത്. അച്ഛനും അമ്മയ്ക്കുമൊപ്പം കായംകുളത്തുനിന്നും ട്രെയിനിലാണ് കോഴിക്കോടിന് തിരിക്കുന്നത്. ആദിത്യ വരുന്നതും കാത്ത് ആരാധകർ കോഴിക്കോടുണ്ടാകും.
തിരക്കൊഴിയാത്ത നാളുകൾ.....
റവന്യൂ ജില്ലാ കലോത്സവത്തിൽ സമ്മാനം നേടിയിട്ട് ഒരു ദിവസംപോലും വിശ്രമിക്കാൻ ആദിത്യയ്ക്ക് അവസരമുണ്ടായില്ല. മണ്ണടി ക്ഷേത്രത്തിലടക്കം എട്ട് ക്ഷേത്രങ്ങളിൽ ഭക്തിഗാനങ്ങളാലപിച്ചും പതിനഞ്ചിലധികം പൊതു പരിപാടികളിൽ അതിഥിയായും ആദിത്യ സുരേഷ് പങ്കെടുത്തു. സംസ്ഥാന കലോത്സവത്തിനുള്ള പരിശീലനത്തിന് സമയം കിട്ടിയില്ലെങ്കിലും നല്ല ആത്മവിശ്വാസമുണ്ട്. ഊണിലും ഉറക്കത്തിലും സംഗീതത്തോട് ഇഴുകിച്ചേരുന്നതിനാൽ ആദിത്യയെ അറിയാവുന്നവർക്കെല്ലാം വിജയ പ്രതീക്ഷയുമുണ്ട്.
വൈകല്യം മുട്ടുകുത്തി
കടമ്പനാട് ഏഴാംമൈൽ മാനാമ്പുഴ രഞ്ജിനി ഭവനിൽ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും രണ്ട് മക്കളിൽ ഇളയവനായ ആദിത്യ സുരേഷ് നെടിയവിള വി.ജി.എസ്.എസ്.അംബികോദയം എച്ച്.എസ്.എസിലെ പ്ളസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ്. ജന്മനാ ഓസ്റ്റിയോജെനിസിസ് ഇംപെർഫക്ട എന്ന ജനിതക രോഗം ബാധിച്ചിരുന്നു. വലിയ തലയോടെ വിരലുകൾ ഒട്ടിപ്പിടിച്ച ശോഷിച്ച കൈകാലുകളുമായി ജനിച്ച ആദിത്യ ദിവസങ്ങളോളം ഇൻക്യുബേറ്ററിലായിരുന്നു. ഹോമിയോ ചികിത്സയിലൂടെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. തലയുടെ വലിപ്പം കുറഞ്ഞുവന്നു, പതിയെ തല പൊക്കിത്തുടങ്ങി. വർഷങ്ങൾ കടന്നുപോയിട്ടും സ്വന്തം കാലിൽ നിൽക്കാൻ ആദിത്യയ്ക്ക് കഴിയുന്നില്ല. എല്ലുകൾ ഒടിയുന്ന രീതിയാണ്. പ്രാർത്ഥനകളുമായി കാത്തിരുന്ന രക്ഷിതാക്കൾക്ക് ആദിത്യയുടെ പാട്ടിൽ പ്രതീക്ഷയായി. പാടിയതൊക്കെ ഹിറ്റായി. ഒട്ടുമിക്ക ചാനൽ പരിപാടികളിലും പങ്കെടുത്തതോടെ ആദിത്യ എല്ലായിടത്തും താരമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഗായിക കെ.എസ്.ചിത്രയുമടക്കമുള്ള പ്രമുഖരുടെ വാത്സല്യവും ആദിത്യയ്ക്ക് കരുത്താണ്.