കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ നിഷേധിക്കുന്ന ഇ.എസ്.ഐ കോർപ്പറേഷന്റെ നിലപാടിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ കാഷ്യൂ കോർപ്പറേഷൻ, കാപ്പെക്‌സ്, കശുഅണ്ടി മേഖലയിലെ കേന്ദ്ര തൊഴിലാളി സംഘടനകൾ എന്നിവർ തീരുമാനിച്ചു.
കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ട്രേഡ് യൂണിയൻ യോഗത്തിലാണ് തീരുമാനം. കൊവിഡ് കാലത്ത് കോടതി ഇടപെടൽ മൂലം ഒരു ദിവസമെങ്കിലും ജോലി ചെയ്ത തൊഴിലാളികൾക്ക് ഇ.എസ്.ഐ നൽകണമെന്ന് വിധി ലഭിച്ചെങ്കിലും ഇ.എസ്.ഐ കോർപ്പറേഷൻ ഇത് തൊഴിലാളികൾക്ക് നൽകിയില്ല.
കോടതിയെ സമീപിച്ച് അനുകൂലവിധി നേടാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.
ഇന്ന് കോർപ്പറേഷനിൽ നിന്ന് വിരമിക്കുന്ന എല്ലാ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ജനുവരിയിൽ നൽകും. എസ്.ജയമോഹൻ അദ്ധ്യക്ഷനായി. കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, മാനേജിംഗ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്ണൻ, ബോർഡ് മെമ്പർമാരായ ജി.ബാബു, ബി.സുജീന്ദ്രൻ, അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ, സജി.ഡി.ആനന്ദ്, കാപ്പെക്‌സ് ബോർഡ് മെമ്പർമാരായ സി.മുകേഷ്, ആർ.മുരളീധരൻ, അഡ്വ. ടി.സി.വിജയൻ, പെരിനാട് മുരളി, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.സുഭഗൻ, ബി.തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തകോട്, ജെ.രാമാനുജൻ (സി.ഐ.ടി.യു), അഡ്വ. ജി.ലാലു, അയത്തിൽ സോമൻ, അഡ്വ. സി.ജി.ഗോപുകൃഷ്ണൻ (എ.ഐ.ടി.യു.സി), കോതേത്ത് ഭാസുരൻ, അഡ്വ. സവിൻ സത്യൻ, മംഗലത്ത് രാഘവൻ, കുന്നത്തൂർ ഗോവിന്ദപ്പിള്ള (ഐ.എൻ.ടി.യു.സി) സോമശേഖരൻ നായർ (യു.ടി.യു.സി) എന്നിവരും യോഗത്തിൽ പങ്കെടുത്തു.