 
കൊട്ടാരക്കര : സ്വകാര്യ വാഹനങ്ങൾ തോന്നുംപോലെ സ്റ്റാൻഡിനുള്ളിൽ. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്ക് കയറാൻ പെടാപ്പാടിലാണ്. പ്രവേശന കവാടത്തിലടക്കം കാറുകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്തിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. നടപടിയുമില്ല. നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന ബസ് സ്റ്റാൻഡുകളിലൊന്നാണ് കൊട്ടാരക്കരയിലേത്. പുതുവർഷാരംഭത്തിൽ കൂടുതൽ ഗ്രാമീണ സർവീസുകൾ ഉൾപ്പടെ തുടങ്ങാനിരിക്കയുമാണ്. എന്നാൽ സ്റ്റാൻഡിനുള്ളിലെ സ്വകാര്യ വാഹന പാർക്കിംഗ് തീർത്തും ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടും അധികൃതർ കണ്ണടയ്ക്കുന്നത് പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നു.
അപകടങ്ങൾ ക്ഷണിച്ച്
പ്രവേശന കവാട ഭാഗത്ത് പകൽ മുഴുവൻ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. സ്ഥല പരിമിതി സാരമായി ബാധിക്കുന്നുണ്ടെന്ന് ബസ് ഡ്രൈവർമാർ പറയാൻ തുടങ്ങിയിട്ട് നാളേറെയായി. പൊലീസ് സ്റ്റാൻഡിനുള്ളിൽ മിക്കപ്പോഴും വന്നുപോകാറുണ്ടെങ്കിലും പ്രവേശന കവാടത്തിലെ വാഹനങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അവരും ഗൗരവം കാണുന്നില്ല.
മാലിന്യം കുന്നുകൂടുന്നു
സ്റ്റാൻഡ് പരിസരത്ത് മാലിന്യം കുന്നുകൂടുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രവേശന കവാടത്തിനോട് ചേരുന്ന ഭാഗത്താണ് മാലിന്യം കൂട്ടിയിടുന്നത്. പ്ളാസ്റ്റിക് മാലിന്യമാണ് കൂടുതലും. ശുചീകരണ തൊഴിലാളികൾ വേണ്ടുവോളമുണ്ടായിട്ടും ഫലമില്ല. സ്റ്റാൻഡിനുള്ളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. നഗരസഭ മാലിന്യ സംസ്കരണത്തിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുമ്പോഴും ട്രാൻ.ബസ് സ്റ്റാൻഡിൽ മാലിന്യം നാറുകയാണ്. സ്റ്റാൻഡിലെ പൊതു ടൊയ്ലറ്റും വൃത്തിഹീനമാണ്. ഇതോട് ചേർന്ന് ഭക്ഷണ ശാല പ്രവർത്തിക്കുന്നതും നാണക്കേടായി മാറിയിട്ടുണ്ട്.