കൊല്ലം: കൊല്ലം തോടിന് കുറുകെ പുനർനിർമ്മിച്ച കല്ലുപാലം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കൊല്ലം പോർട്ടിന്റെ വികസനം പൂർണ തോതിലാക്കി വിനോദസഞ്ചാര സാധ്യകൾ പരമാവധിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ജലഗതാഗതം പൂർണമായി വിനിയോഗിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തോടിന്റെ ഒഴുക്ക് സുഗമമാക്കി ഗതാഗതം ആകെയുള്ള 616 കിലോമീറ്റർ വിസ്തൃതിയിലേക്കും വികസിപ്പിക്കാനാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 2025നകം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ. പുതിയ കൂടുതൽ പാലങ്ങൾ സമീപഭാവിയിൽ തന്നെ നിർമ്മിക്കും. നഗരത്തിന്റെ വികസനം ലക്ഷ്യമാക്കി ചെറു പുതുറോഡുകളുടെ നിർമാണവും പരിഗണനയിലാണ്. വിനോദസഞ്ചാര സാധ്യകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ശ്രമങ്ങൾ നടത്തുകയാണ്. കൊല്ലം ബീച്ച് ഏറ്റവും മികച്ച നിലിയിലാക്കാനായതായി അദ്ദേഹം പറഞ്ഞു.എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ അരുൺ ജേക്കബ്, എക്‌​സിക്യൂട്ടിവ് എൻജിനീയർ നദീർ, അസിസ്റ്റന്റ് എക്‌​സിക്യുട്ടിവ് എൻജിനീയർ ജോയി ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.