കൊട്ടാരക്കര : പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പൊലീസ്. റൂറൽ ജില്ലയിൽ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ റൂറൽ എസ്.പി എം.എൽ.സുനിൽ നിർദ്ദേശനം നൽകി. ഉച്ചഭാഷിണിയുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചശേഷമുള്ള വാഹന ഡ്രൈവിംഗ്, അമിത വേഗതയിലുള്ള വാഹന ഡ്രൈവിംഗ്, പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ബഹളങ്ങൾ എന്നിവ ഒഴിവാക്കി പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത തരത്തിലും നിയമങ്ങൾ ലംഘിക്കാതെയും പുതുവത്സരം ആഘോഷിക്കണമെന്നാണ് പൊലീസ് നിർദ്ദേശം.
സംയുക്ത പരിശോധനകൾ
വിനോദസഞ്ചാര മേഖലകൾ, ബാർ ഹോട്ടലുകൾ, ബിവറേജ് ഔട്ട്ലെറ്റുകൾ, റയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ, റിസോട്ടുകൾ, ഹോം സ്റ്റേകൾ, പാർക്കുകൾ എന്നിവ തുടങ്ങി പ്രധാന കവലകളും കമ്പോളങ്ങളുമെല്ലാം നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം നിയന്ത്രിക്കാനായി പ്രത്യേക സ്ക്വാഡ് എല്ലാ മേഖലകളിലും നിരീക്ഷണം നടത്തും. മോട്ടോർ വാഹന വകുപ്പിനെക്കൂടി ഉൾപ്പെടുത്തി നിരത്തുകളിലും കവലകളിലും വാഹന പരിശോധന കർശനമാക്കും. ലഹരി വസ്തുക്കൾ, വ്യാജമദ്യം തുടങ്ങിയവയുടെ കടത്തലും വിപണനവും തടയുന്നതിലേയ്ക്കായി എക്സൈസ് വകുപ്പുമായി ചേർന്ന് പൊലീസ് ഡാൻസഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകൾ നടത്തും.
കൂടുതൽ സേന
സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസ് സേനാംഗങ്ങളെ റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 50 മൊബൈൽ പെട്രോൾ സംഘം, 40 ബൈക്ക് പെട്രോളിംഗ് സംഘം, 10 സ്ട്രൈക്കിംഗ് ഫോഴ്സ് ടീം, മഫ്തി പൊലീസ് എന്നിവയ്ക്ക് പുറമെ അഞ്ഞൂറില്പരം പൊലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടി ആഹ്വാനം ചെയ്ത് സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കും. ജില്ലയുടെ അതിർത്തി കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് ഉടനടി കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കാൻ എല്ലാ ഐ.എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകിയതായി എസ്.പി അറിയിച്ചു.
അർദ്ധരാത്രിക്ക് ശേഷം ആഘോഷം വേണ്ട
ഇന്ന് അർദ്ധരാത്രിക്ക് ശേഷം യാതൊരുവിധ ആഘോഷപരിപാടികളും അനുവദിക്കില്ല. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്. പടപ്പക്കര, കല്ലട തുടങ്ങിയ പ്രദേശങ്ങളിൽ സ്പീഡ് ബോട്ടിന്റെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെയും സംശയകരമായി കാണപ്പെടുന്നവരെയും അക്രമ സ്വഭാവം ഉള്ളവരെയും കരുതൽ തടങ്കലിൽ പാർപ്പിക്കും. നിയന്ത്രണവിധേയമല്ലാത്തതും അനുമതിയില്ലാത്തതുമായ ആൾക്കൂട്ടങ്ങളോടുകൂടിയ ആഘോഷങ്ങളും , ഡി.ജെ പാർട്ടികളും മറ്റും കർശനമായി നിരോധിച്ചിട്ടുണ്ട്.