കൊട്ടാരക്കര : കാലാവധി കഴിഞ്ഞിട്ടും നഗരസഭ ചെയർമാൻ രാജിവച്ചില്ല. കൊട്ടാരക്കരയിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷം. ഇടത് മുന്നണിയിലെ ധാരണപ്രകാരം നഗരസഭയിൽ ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ്(ബി)യ്ക്കാണ് ചെയർമാൻ സ്ഥാനം നൽകിയത്. 28ന് രണ്ട് വർഷം പൂർത്തിയാക്കി ചെയർമാൻ കേരളകോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റുകൂടിയായ എ.ഷാജു രാജിവയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മുന്നണിയ്ക്കുള്ളിലെ സ്വരച്ചേർച്ചക്കുറവുമൂലം രാജിവച്ചിട്ടില്ല. കേരള കോൺഗ്രസ്(ബി) ചെയർമാൻ കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഇടപെട്ട് രാജിവയ്ക്കാൻ എ.ഷാജുവിന് നിർദ്ദേശം നൽകിയെന്നാണ് വിവരം. എന്നാൽ പാർട്ടിയുടെ മണ്ഡലം കമ്മിറ്റി കൂടി ചർച്ച ചെയ്തിട്ട് രാജിക്കാര്യം തീരുമാനിക്കാമെന്നാണ് എ.ഷാജുവിന്റെ പക്ഷം. ചെയർമാൻ സ്ഥാനം ഒഴിയുമ്പോൾ നഗരസഭയിൽ അംഗസംഖ്യ കൂടുതലുള്ള കേരള കോൺഗ്രസിന് വൈസ് ചെയർപേഴ്സൺ സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമാകാത്തതാണ് രാജിക്കാര്യത്തിലും തീരുമാനത്തിലെത്താത്തത്. എ.ഷാജു രാജിവയ്ക്കുന്ന മുറയ്ക്ക് ഇടത് മുന്നണിയിലെ ധാരണപ്രകാരം തുടർന്നുള്ള രണ്ട് വർഷം സി.പി.എമ്മിനും ശേഷിക്കുന്ന ഒരു വർഷം സി.പി.ഐയ്ക്കുമാണ് ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്. സി.പി.എമ്മിലെ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.ആർ.രമേശ്, ഫൈസൽ ബഷീർ എന്നിവരുടെ പേരുകളാണ് സി.പി.എം ചെയർമാൻ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നത്. എ.ഷാജുവിന്റെ രാജി നീളുന്നത് മുന്നണിക്കുള്ളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുമുണ്ട്.