കൊല്ലം: പീഡനക്കേസ് പ്രതി മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത ചാത്തന്നൂർ താഴം ഭവനിൽ പാക്കരൻ എന്നു വിളിക്കുന്ന വിഷ്ണുവാണ് (26) നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
തുടർന്ന് ചിറക്കര കുളത്തൂർകോണം ചെന്നൊട്ടിക്കാവ് ക്ഷേത്രത്തിന് സമീപം ഇപ്പോൾ താമസിക്കുന്ന ബന്ധു വീട്ടിലെത്തി കൈവിലങ്ങ് അഴിച്ചുമാറ്റി പണവുമായി സ്ഥലം വിട്ടു.
പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയ്ക്ക് കുളിച്ചു കൊണ്ടുനിന്ന മദ്ധ്യവയസ്‌കയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് വിഷ്ണു. സംഭവത്തിൽ വിഷ്ണുവിനെ ഇന്നലെ രാവിലെ പാരിപ്പള്ളി പൊലീസ് പിടി കൂടി.കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈകിട്ട് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചു. പരിശോധനയ്ക്ക് ശേഷം ടോയ്‌ലെറ്റിൽ പോയി പുറത്തിറങ്ങിയ വിഷ്ണു കാവൽ നിന്ന പൊലീസുകാരനെ തള്ളിയിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. മറ്റൊരു പൊലീസുകാരൻ പിടി കൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.പ്രതി എത്തുമെന്ന പ്രതീക്ഷയിൽ കുളത്തൂർകോണം ചെന്നൊട്ടിക്കാവിന് സമീപത്തേക്ക് പൊലീസ് എത്തിയിരുന്നു. എന്നാൽ അതിന് മുമ്പേ വിഷ്ണു അവിടെയെത്തി വിലങ്ങ് മുറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. എല്ലാ സ്റ്റേഷനുകളിലേക്കും വിഷ്ണുവിന്റെ ചിത്രം കൈമാറി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന തുടരുകയാണ്.