nl
ഗ്രാമസഭാ യോഗം ( ഫയൽ ചിത്രം)

തഴവ: പൊതു വിഭാഗത്തിന്റെ പങ്കാളിത്വം ക്രമാതീതമായി കുറഞ്ഞതോടെ കോറം തികയാതെ ഗ്രാമസഭകൾ പിരിഞ്ഞ് പോകുന്നത് പതിവാകുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കരട് പദ്ധതികളുടെ ചർച്ചയ്ക്കായാണ് ഇപ്പോൾ ഗ്രാമസഭകൾ വിളിച്ച് ചേർത്ത് തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ തഴവ ഗ്രാമ പഞ്ചായത്തിലെ 7, 15, 17,18 വാർഡുകളിൽ ആവശ്യമായ അംഗങ്ങളില്ലാതിരുന്നതിനാൽ യോഗങ്ങൾ പിരിഞ്ഞു പോവുകയായിരുന്നു.

വിട്ടുനിന്ന് സമ്പന്ന വിഭാഗം

ഒരു പദ്ധതി അവലോകനത്തിന് ആദ്യം ചേരുന്ന ഗ്രാമസഭയിൽ അതാത് വാർഡിലെ ആകെയുള്ള അംഗങ്ങളുടെ 10 ശതമാനം പേരാണ് യോഗം ചേരുന്നതിനുള്ള കുറഞ്ഞ അംഗസംഖ്യ .ഇത്തരത്തിൽ അംഗങ്ങൾ തികയാതെ പിരിഞ്ഞു പോകുന്ന സാഹചര്യം വരുന്ന വാർഡുകളിൽ പിന്നീട് 50 പേരേ ഉൾപ്പെടുത്തി യോഗം ചേരാമെന്നും വ്യവസ്ഥയുണ്ട്. ഈ ഇളവ് പ്രയോജനപ്പെടുത്തി യോഗം ചേരേണ്ട ഗതികേടാണ് പല വാർഡുകളിലും ഇപ്പോൾ നിലനിൽക്കുന്നത്. ആദ്യം ഘട്ടം മുതൽ തന്നെ സമ്പന്ന വിഭാഗങ്ങരുടെ പങ്കാളിത്വം ഗ്രാമസഭകളിൽ ഇല്ലെന്ന് തന്നെ പറയാം. സർക്കാർ പ്രഖ്യാപിക്കുന്ന ഭൂരിഭാഗം പദ്ധതികളും ബി.പി.എൽ, പിന്നാക്ക വിഭാഗങ്ങൾക്കായി പരിമിതപ്പെടുവാൻ തുടങ്ങിയതോടെ പിന്നീട് മദ്ധ്യവർഗ്ഗത്തിലെ ഭൂരിഭാഗവും ഗ്രാമസഭകളിൽ നിന്ന് അകന്ന് പോകുകയായിരുന്നു.

പദ്ധതികൾ വൈകുന്നു, ആത്മവിശ്വാസം നഷ്ടപ്പെട്ട് നാട്ടുകാ‌ർ

ലൈഫ് ഉൾപ്പടെയുള്ള പല പദ്ധതികളുടെയും നടത്തിപ്പിൽ വന്ന കാലതാമസം ദരിദ്ര വിഭാഗത്തിലുള്ള അപേക്ഷകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതോടെ ഗ്രാമസഭകളിൽ പങ്കെടുക്കുവാൻ ഇപ്പോൾ നാട്ടിൽ ആളെക്കിട്ടാത്ത അവസ്ഥയാണ് . 2020 മുതലുള്ള ലൈഫ് പദ്ധതിയിലെ അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. എന്നാൽ അതിന് മുൻപുള്ള പദ്ധതി പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാത്ത അവസ്ഥയുണ്ട്. തഴവ ഏഴാം വാർഡിൽ ഗ്രാമ സഭയ്ക്കെത്തിയവർ രാഷ്ട്രീയപരമായി വിവിധ ചേരിതിരിഞ്ഞ് യോഗനടപടികൾ അലങ്കോലപ്പെടുത്തിയതായും പരാതിയുണ്ട്.