kollam-beach
കൊല്ലം ബീച്ച്

കൊല്ലം: അപകടങ്ങൾ ഒഴിവാക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടി കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം തയ്യാറാക്കിയ പദ്ധതി രേഖ ദിവസങ്ങൾക്കുള്ളിൽ നഗരസഭാ അധികൃതരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ അവതരിപ്പിക്കും.

തീരത്ത് നിന്നും നിശ്ചിത ദൂരത്തിൽ ജിയോ ട്യൂബ്, ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട ഘടകങ്ങൾ. തീരത്തിന് സമാന്തരമായി സ്ഥാപിക്കുന്ന മണൽ നിറച്ച ജിയോ ട്യൂബുകളിൽ തട്ടി തിരയുടെ ശക്തി കുറയുന്നതോടെ തീരം അപകടരഹിതമാകും. ബീച്ചിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കടലാക്രമണം രൂക്ഷമായ വെടിക്കുന്ന്, പള്ളിത്തോട്ടം പ്രദേശങ്ങളിൽ ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കാനാണ് ആലോചനയെന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾ പദ്ധതി അവതരിപ്പിക്കുമ്പോൾ മാത്രമേ വ്യക്തമാകൂ. ബീച്ചിന് സമാന്തരമായി ജിയോ ട്യൂബ് വരുമ്പോൾ ഇരുവശങ്ങളിലും തിര ശക്തമായി അടിക്കാൻ സാദ്ധ്യതയുണ്ട്. അത് കൂടി കണക്കിലെടുത്താണ് ഇരുവശങ്ങളിലും ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഏറ്റവും അപകടകരമായ ബീച്ചുകളിലൊന്നാണ് കൊല്ലം. അതുകൊണ്ട് തന്നെ വിവിധ വാട്ടർ സ്പോർട്സ് പദ്ധതികൾ നടപ്പാക്കാനാകുന്നില്ല. തീരം സുരക്ഷിതമാകുന്നതോടെ വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ കൊണ്ടുവരാനും ആലോചനയുണ്ട്.

ചെലവ് 5 കോടി

പദ്ധതിക്ക് 5 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാസ്റ്റർ പ്ലാനിനെ അടിയന്തിരമായി നടപ്പാക്കേണ്ടത്, ഘട്ടംഘട്ടമായി എന്നിങ്ങനെ രണ്ടായി വേർതിരിച്ചിട്ടുണ്ട്. മാസ്റ്റർ പ്ളാൻ എങ്ങനെ നടപ്പാക്കുമെന്നത് കൊല്ലത്ത് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി പണം കണ്ടെത്താനാണ് ആലോചന.