 
അഞ്ചൽ: ആയിരക്കണക്കിന് കുട്ടികളുടെ ഹൃദയത്തിന്റെ കാവൽക്കാരനായിരുന്നു ഡോ.കൃഷ്ണമനോഹർ. നാട്ടുകാരുടെ ഹൃദയത്തോട് ചേർന്നിരുന്ന, സഹൃദയനായ ഡോക്ടർ ഇനിയില്ലെന്ന സത്യം നാടിനെ ദു:ഖത്തിലാഴ്ത്തി. ഹരിയാനയിലെ പാഴ്‌വാൾ ശ്രീസത്യസായി സഞ്ജീവനി ആശുപത്രിയിൽ സേവനനിരതനായിരിക്കവേയാണ് മരണം. പതിവുപോലെ പിതാവിന്റെ ചരമദിനമായ ജനുവരി 17ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
പനച്ചവിളയിൽ പോസ്റ്റ് മാസ്റ്ററായിരുന്ന എ.എൻ. സോമന്റെയും രമാദേവിയുടെയും മൂന്നു മക്കളിൽ മൂത്തയാളായ ഡോ. കൃഷ്ണമനോഹർ 1977ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പി.ജിയും നേടി. പിന്നീട് ഡോ.എം.എസ്.വല്ല്യത്താന്റെ കീഴിൽ തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ 20 വർഷത്തോളം പീഡിയാട്രിക് കാർഡിയാക് സർജ്ജനായി സേവനം അനുഷ്ടിച്ച അദ്ദേഹം വി.ആർ.എസ് എടുത്ത് മദ്രാസ് മെഡിക്കൽ മിഷൻ ആൻഡ് ഫ്രോണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ സർജ്ജനായി ചുമതയേറ്റു. പിന്നീട് സത്യസായി ട്രസ്റ്റിന്റെ കീഴിലുള്ള ബാംഗ്ലൂർ,റായ്പൂർ ആശുപത്രികളിലും സേവനം അനുഷ്ടിച്ചിരുന്നു
നാട്ടിലെ പാവപ്പെട്ടവർക്ക് ചികിത്സാ ധനസഹായങ്ങളും പഠന സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്ന ഡോക്ടർ പിതാവ് എ.എൻ.സോമൻ മാസ്റ്ററുടെ പേരിൽ പനച്ചവിളയിൽ ഒരു പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും കെട്ടിടനിർമ്മിക്കുന്നതിനും സഹായങ്ങളുമായി മുൻപന്തിയിലുണ്ടായിരുന്നു.
മരണശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകണമെന്ന തീരുമാനം വളരെ നേരത്തെ തന്നെ അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭൗതിക ശരീരം വീട്ടിലെ പൊതു ദർശനത്തിന് ശേഷം മെഡിക്കൽ കോളേജ് അധികൃതർക്ക് വിട്ടുനൽകുമെന്ന് ഭാര്യ തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ഇനഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിയായ ഡോ.ഷീലാ ബാലകൃഷ്ണനും മകൻ കിരൺ മനോഹറും അറിയിച്ചു.