hari-
ലോകകപ്പ് സ്റ്റേഡിയത്തിൽ ബി.കെ. ഹരിനാരായണൻ

തൃശൂർ:

''കാൽപ്പന്തുപോലൊരു സൂര്യൻ
ദേ പൊന്തി നിക്കണ്‌മേലേ... ''

ഖത്തറിലെ മൈതാനത്ത് പന്തുരുളുമ്പാേഴേക്കും, പാട്ടെഴുത്തുകാരൻ ബി.കെ. ഹരിനാരായണന്റെ വിരലുകളിൽ കവിതകളുടെ കിക്കോഫായിരുന്നു. കവിയുടെ വരികൾ അങ്ങനെ എഫ്.ബിയുടെ 'വല' നിറഞ്ഞു. ഇതൊന്നും കവിതകളാണെന്ന് അവകാശപ്പെടുന്നില്ലെന്നും ഫുട്‌ബോളിനെക്കുറിച്ചുളള വികാരങ്ങൾ നാലുവരിയിലൂടെ പ്രകടിപ്പിക്കുകയാണെന്നും ചലച്ചിത്രഗാനരചനയ്ക്കുളള സംസ്ഥാന പുരസ്‌കാരജേതാവ് കൂടിയായ ഹരിനാരായണൻ പറഞ്ഞു. ലോകകപ്പ് കാണാൻ ഖത്തറിലെത്തും മുൻപേ കവിതകൾ കുറിച്ചിട്ടിരുന്നു. ഇവിടെ എത്തിയപ്പോഴും അതു തുടർന്നുവെന്നും അദ്ദേഹം പറയുന്നു. എന്തായാലും ലോകകപ്പ് തീരുമ്പോഴേക്കും ഏതെങ്കിലും സംഗീതജ്ഞർ ഈ വരികൾക്ക് സംഗീതം നൽകി മലയാളിയുടെ സ്വന്തം 'ഫുട്‌ബോൾപാട്ടാ'യി പിറക്കുമോ എന്നാണ് പാട്ടുപ്രേമികളും ഫുട്‌ബോൾ ആരാധകരും കാത്തിരിക്കുന്നത്.

ഖത്തറിലെ സ്റ്റേഡിയത്തിലിരുന്ന് ഹരിനാരായണൻ കേരളകൗമുദിയോട് കളിയനുഭവങ്ങൾ പങ്കിട്ടു:

''ഖത്തറിൽ വന്നത് ഫുട്‌ബോളിനോടുള്ള വലിയ ഇഷ്ടം കൊണ്ടായിരുന്നു. സുഹൃത്തുക്കൾ ടിക്കറ്റ് തന്നു. അങ്ങനെ ഇവിടെയെത്തി. മൂന്ന് കളി കണ്ടു. ഫൈനലിനു മുൻപേ നാട്ടിലേക്ക് മടങ്ങും. മെസിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോയുടെയുമെല്ലാം കളികൾ ഇഷ്ടമാണ്. നന്നായി കളിക്കുന്നവരോടാണ് ആരാധന. അർജന്റീനയും ബ്രസീലും ഫ്രാൻസുമെല്ലാം ഇഷ്ട ടീമുകൾ തന്നെ. മൂന്ന് ഗോൾ വീതം പിറന്ന കാമറൂൺ - സെർബിയ മത്സരം ആവേശകരമായിരുന്നു.''

കാറ്റ് നിറച്ച പന്തുപോലെ...

'' ഖത്തറിൽ എല്ലാവർക്കും ഫുട്‌ബോളിനെക്കുറിച്ചേ പറയാനുളളൂ. ഒരു പന്തിന്റെ പിന്നാലെ എല്ലാ വൻകരകളും ഓടുകയാണ്, കാറ്റ് നിറച്ച പന്തുപോലെ. ടി.വിയിൽ കാണുമ്പോൾ കളി മോശമെന്ന് തോന്നാം. കളിയെഴുത്ത് വായിക്കുമ്പോഴും അങ്ങനെ തോന്നാം. പക്ഷേ, സ്റ്റേഡിയത്തിലെ ഓളം, സവിശേഷമായ ലഹരിയാണ്. ഉന്മാദമാണ്. ഫുട്‌ബോൾ എന്നും സന്തോഷമാണ്, സ്‌നേഹമാണ് . ഫുട്‌ബോളിനു മുന്നിൽ എല്ലാവരും ഒന്നാണ് . ''

- ബി.കെ. ഹരിനാരായണൻ

റിച്ചാർലിസൺ ഒമ്പതാംനമ്പർ കവിത

സെർബിയക്കെതിരെ ബ്രസീലിന്റെ റിച്ചാർലിസൺ അക്രോബാറ്റിക് ഷോട്ടിലൂടെ നേടിയ സൂപ്പർ ഗോളിനെ ഹരിനാരായണൻ ഗദ്യകവിതയിൽ വിശേഷിപ്പിച്ചത്:
' ഇത് കളിയല്ല.

നല്ല ഒമ്പതാം നമ്പർ കവിത.

നല്ല കളി നല്ല കവിതയുമാണ് ചങ്ങായിമാരേ'


ഫ്രഞ്ച് സൂപ്പർതാരം എംബാപ്പയെക്കുറിച്ച് ഹരിനാരായണന്റെ കവിത:

''പ്പാ
ബാപ്പാ
മംബാപ്പാ
കളിക്കണകളിക്കെന്ത്
വീറാപ്പാ
അടിക്കണ ഗോളെന്ത്
മൊഞ്ചാപ്പാ
ഇച്ചേല്ക്ക് പോയാല്
ജോറാപ്പാ
ക്ലോസിന്റെ റെക്കോഡ്
ക്‌ളോസ്സാപ്പാ
മംബാപ്പാ
ബാപ്പാ
പ്പാ''