pinarayi-vijayan

തൃശൂർ: വിഴിഞ്ഞത്ത് വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സ്വൈര്യം തകർക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാടു കൊണ്ടാണ്. തൃശൂരിൽ വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം സംഘർഷത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

വിഴിഞ്ഞം സംഘർഷത്തിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്‌റ്റേഷനെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. ഇതെല്ലാം തന്നെ പ്രത്യേക ലക്ഷ്യത്തോടെയുള്ളതാണ്. പൊലീസിനെ പോലും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ എത്തിയതും ആഴിഞ്ഞാടിയതും. പൊലീസ് സംയമനത്തോടെ പെരുമാറിയതു കൊണ്ട് അക്രമികളുടെ ലക്ഷ്യം നടന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് വലിയതോതിൽ നടപടിയുണ്ടാകുമെന്ന് കരുതിയവർക്ക് തെറ്റുപറ്റി.

ഇത്തരം പക്വതയോടെയുള്ള നിലപാടുകളാണ് കേരളത്തിലെ അന്തരീക്ഷം സമാധാനപരമായി നിലനിൽക്കുന്നത്. വിഴിഞ്ഞം സംഭവം സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വേണം പൊലീസ് സേന മുന്നോട്ട് പോകേണ്ടത്.