കൊടുങ്ങല്ലൂർ റെയിൽവേ പാതയ്ക്കായി തീരദേശ പൗരസമിതി രംഗത്ത്
കൊടുങ്ങല്ലൂർ: അമ്പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്ര പദ്ധതിയിൽ കൊടുങ്ങല്ലൂരും ഉൾപ്പെട്ടതോടെ നിർദ്ദിഷ്ട പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കൊടുങ്ങല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ചെന്നൈ റെയിൽവേ സോണൽ മാനേജർക്ക് ഇ- മെയിൽ മുഖേന നിവേദനം നൽകി. നാല് പതീറ്റാണ്ടായി തീരദേശത്തെ പൗരസമിതി ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഇടപ്പള്ളി - തിരൂർ തീരദേശ റെയിൽപ്പാതയ്ക്കായി ശ്രമം നടത്തിവരികയായിരുന്നു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹന്നാൻ എം.പി, ടി.എൻ. പ്രതാപൻ എം.പി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ചേർന്ന കൊടുങ്ങല്ലൂർ പൗരസമിതി യോഗത്തിൽ പ്രസിഡന്റ് ഡോ. എൻ.എം. വിജയൻ അദ്ധ്യക്ഷനായി. എൻ.വി. ലക്ഷ്മണൻ, വി.കെ. വേണുഗോപാൽ, അഡ്വ. ഭാനുപ്രകാശ്, പി.ആർ. ചന്ദ്രൻ, ടി.വി. മുരളീധരൻ, സി.എസ്. തിലകൻ, ടി.കെ. ഷൺമുഖൻ എന്നിവർ സംസാരിച്ചു.
തീർത്ഥാടന ടൂറിസത്തിന് സാദ്ധ്യതയേറെ
ഇടപ്പിള്ളി - ഗുരുവായൂർ - തിരൂർ റെയിൽ പാത യാഥാർത്ഥ്യമായാൽ തീർത്ഥാടന ടൂറിസത്തിന് വൻ സാദ്ധ്യതയാണ് തുറന്നുകിട്ടുക. നിലവിലെ കന്യാകുമാരി - മുംബയ് പാതയിൽ ഉൾപ്പെടാത്ത എറണാകുളം മുതൽ തിരൂർ വരെയുള്ള തീരദേശം വരികയും ഏകദേശം 60 കിലോമീറ്റർ ദൂരം കുറയുകയും ചെയ്യും. മാത്രമല്ല അടിയന്തര ഘട്ടങ്ങളിൽ സമാന്തര പാതയായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഗുരുവായൂർ ക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, അഴീക്കോട് സെന്റ് തോമസ് പള്ളി, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം എന്നീ ദേവാലയങ്ങളെ റെയിൽപ്പാതയിൽ കൂട്ടിയിണക്കാം. നിർദ്ദിഷ്ട ശബരി പാതയുമായി ബന്ധിപ്പിച്ചാൽ ശബരിമല തീർത്ഥാടത്തിനും ഗുണകരമാകും. മുസ്‌രിസ് സന്ദർശനത്തിനെത്തുന്ന ചരിത്ര വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും പാത പ്രയോജനപ്പെടുത്താം. പരമ്പരാഗത തൊഴിൽ ഉത്പന്നങ്ങളായ തഴപ്പായ, കയർ എന്നിവയുടെ വിപണന സാദ്ധ്യതയും വർദ്ധിപ്പിക്കാം. കൊച്ചി നേവൽ ബേസിൽ നിന്ന് ഏഴിമല നാവിക അക്കാഡമിയിലേക്ക് കുറഞ്ഞ ദൂരമുള്ള റെയിൽപ്പാതയായി ഇത് മാറും.