narayanamenon-

ഗുരുവായൂർ: എഴുത്തുകാരനും അദ്ധ്യാപകനും 1996 മുതൽ രണ്ട് ദശകം സംസ്ഥാന സ്‌കൂൾ പാഠപുസ്തക കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ. പി. നാരായണമേനോന് (86) അന്ത്യാഞ്ജലി. രാവിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച ഭൗതികദേഹം, മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറി.

ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ 1936ൽ കുതിരവട്ടത്ത് ഗോപാല മേനോന്റെയും കൊരട്ടി പുത്തൻപുര മേനോക്കിൽ കാർത്യായനിഅമ്മയുടെയും മകനായി ജനിച്ച നാരായണ മേനോൻ ട്രാവൻകൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാഹിത്യ വിശാരദ് ബിരുദം നേടി. പിന്നീട് ബി.എ., ബി.എഡ്., എം.എ. ബിരുദങ്ങളും നേടി.

അളഗപ്പനഗർ യു.പി സ്‌കൂൾ, പേരാമ്പ്ര ഹൈസ്‌കൂൾ, ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി. 1968ൽ വ്യാസ കോളേജ്, തൃശൂർ കേരള വർമ കോളേജ് അദ്ധ്യാപകനായി. 1991ൽ വിരമിച്ച ശേഷം തൃശൂർ പി.ജി സെന്റർ, ഗുരുവായൂർ എൽ.എഫ് കോളജ്, മലയാള പഠന ഗവേഷണ കേന്ദ്രം, ഗുരുവായൂർ ആര്യഭട്ട കോളേജ്, ഗുരുവായൂർ ശ്രീഹരി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും റിഫ്രഷർ കോഴ്‌സുകളിൽ റിസോഴ്‌സ് പേഴ്‌സണുമായിരുന്നു. ഗുരുവായൂർ കോ - ഓപറേറ്റീവ് കോളേജ് പ്രിൻസിപ്പലായിരുന്നു.

'വ്യാകരണ പാഠങ്ങൾ' എന്ന കൃതിക്ക് സാഹിത്യ അക്കാഡമിയുടെ എൻഡോവ്‌മെന്റ് ലഭിച്ചു. 'മലയാളം: ഭാഷയും സംസ്‌കാരവും' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പ്രൊഫ. എം. ചന്ദ്രമണി (റിട്ട. അദ്ധ്യാപിക, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്), മകൻ: ഹരീഷ്. മരുമകൾ: പ്രീത.