
വടക്കാഞ്ചേരി: പോക്‌സോ കേസുകളിൽ വിചാരണയും അനുബന്ധ നടപടികളും നീണ്ടു പോകാതിരിക്കാനും ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും പ്രത്യേക കോടതി പ്രയോജനപ്പെടുമെന്ന് കേരള ഹൈക്കോടതി ജഡ്ജി എം.കെ. ജയശങ്കരൻ നമ്പ്യാർ. വടക്കാഞ്ചേരിയിൽ പുതുതായി ആരംഭിച്ച അതിവേഗ പോക്‌സോ കോടതിയുടെ ഉദ്ഘാടനം വെർച്ച്വൽ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പോസ്‌കോ സ്‌പെഷൽ ബഞ്ച് ജഡ്ജി ആർ. മിനി വിശിഷ്ഠാതിഥിയായി പങ്കെടുത്തു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി.പി. സവിത, മുൻസിഫ് ടി.കെ. അനിരുദ്ധൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ സി.വി. മുഹമ്മദ് ബഷീർ, കവിത കൃഷ്ണനുണ്ണി, അഡ്വ. ശ്രീദേവി, അഡ്വ. കെ.എസ്. സന്ദീപ്, അഡ്വ. പി. വിഷ്ണുദേവ് എന്നിവർ പ്രസംഗിച്ചു.