ചാലക്കുടി: നഗരത്തിൽ നടക്കുന്ന ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മാർക്കറ്റ് റോഡിൽ ഗുണ്ടകൾ തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും ഓടിക്കയറി ഇവർ അടിയുണ്ടാക്കി. സാധനങ്ങൾ വാങ്ങാനെത്തിയവർ പേടിച്ചരണ്ട്് ഇറങ്ങിയോടുകയും ചെയ്തു. രണ്ടാഴ്ചയായി ഏതാനും സാമൂഹിക വിരുദ്ധർ നഗരത്തിൽ അഴിഞ്ഞാടുന്നുണ്ട്. ഇതിൽ പൊലീസ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ജോയ് മൂത്തേടന്റ നേതൃത്വത്തിൽ വ്യാപാരികൾ പൊലീസിൽ പരാതിയുമായെത്തിയത്. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ജനറൽ സെക്രട്ടറി റെയ്‌സൺ ആലുക്ക തുടങ്ങിയരുമുണ്ടായിരുന്നു. നൈറ്റ് പെട്രോളിംഗ് അടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുമെന്ന് എസ്.എച്ച്.ഒ: കെ.എസ്. സന്ദീപ് ഇവർക്ക് ഉറപ്പ് നൽകി.