 എറിയാട് പഞ്ചായത്തിൽ കെ.കെ. അബു സ്മാരക ഗ്രന്ഥശാല ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
എറിയാട് പഞ്ചായത്തിൽ കെ.കെ. അബു സ്മാരക ഗ്രന്ഥശാല ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊലീസിനും എക്‌സൈസിനുമൊപ്പം അതത് പ്രദേശങ്ങളിലെ വായനശാലകൾക്കും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ടി.എൻ. പ്രതാപൻ എം.പി. തീരദേശ മേഖലയിലെ ലഹരി വ്യാപനം തടയാൻ ഗ്രന്ഥശാലാ പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും അതത് പ്രദേശങ്ങളിലെ യുവാക്കളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാൻ ആത്മാർത്ഥമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എറിയാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. അബുവിന്റെ സ്മരണാർത്ഥം ആരംഭിച്ച കെ.കെ. അബു സ്മാരക ഗ്രന്ഥശാലയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലയ്ക്ക് 1,000 പുസ്തകങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിൽ 250 പുസ്തകങ്ങൾ സ്‌നേഹപൂർവം എഡ്യൂക്കേഷണൽ ട്രസ്റ്റ് മുഖേനെ കൈമാറി. സുൽഫിക്കർ കുടുംബ സഹായ ഫണ്ട് കൈമാറുകയും, തിരക്കഥാകൃത്ത് പി.എസ്. റഫീഖ്, എം.ഇ.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവരെ ആദരിക്കുകയും ചെയ്തു. ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് ടി.കെ. നസീർ അദ്ധ്യക്ഷനായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ മുഖ്യാതിഥിയായി. ടി.എം. കുഞ്ഞുമൊയ്തീൻ, എഴുത്തുകാരൻ ബക്കർ മേത്തല, പി.കെ. ഷംസുദ്ദീൻ, കെ.എ. ഹസ്ഫൽ, വി.എസ്. ജിനേഷ്, പി.എസ്. മുജീബ് റഹ്മാൻ, സി.പി. തമ്പി, ഇ.കെ. സോമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.