ഒല്ലൂർ: പിരിച്ചുവിട്ട കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ജില്ലയിലെ സി.പി.എം നിയന്ത്രണത്തിനുള്ള സഹകരണ ബാങ്കുകളിലെ അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്കിൽ 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ തന്നെയാണ് കുട്ടനല്ലൂർ ബാങ്കിലും വെട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്നത്. കാലാകാലങ്ങളിൽ സഹകരണസംഘം ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നാലും അത് മൂടിവയ്ക്കുകയാണ് സി.പി.എം നേതൃത്വമെന്നും ജോസ് വള്ളൂർ ആരോപിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഐ.പി. പോൾ അദ്ധ്യക്ഷനായി. സജീവൻ കുരിയച്ചിറ, ജെയ്ജു സെബാസ്റ്റ്യൻ, കെ.സി. അഭിലാഷ്, കെ. ഗോപാലകൃഷ്ണൻ, ഹാപ്പി മത്തായി, കല്ലൂർ ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എൽ. ബേബി, ഫ്രാൻസിസ് ചാലിശ്ശേരി, വി.വി. മുരളീധരൻ, എ. സേതുമാധവൻ, ഡേവിസ് ചക്കാലക്കൽ, ബിന്ദു കാട്ടുങ്ങൽ, ജേക്കബ് പോൾ, മുത്തു തങ്ങൾ എന്നിവർ നേതൃത്വം നൽകി.