 
ചാലക്കുടി: ട്രാംവെ റോഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നിർമ്മിക്കാൻ തീരുമാനിച്ച ബൈപാസിനായി നടപടികൾ ആരംഭിച്ചു. കോടതി ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം പൂർത്തിയാവുന്നതോടെ നഗരത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ബൈപ്പാസ്. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച് ട്രാംവെ റോഡിൽ കുളത്തിന് സമീപം എത്തിച്ചേരുംവിധം 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടും. ശേഷം ആവശ്യമുള്ള സ്ഥലം ഉടമകൾ ഉപാധിരഹിതമായും നൽകും. ഒരു വർഷത്തിനുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാക്കും. സ്ഥലം അളന്നുതിട്ടപ്പെടുത്താൻ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് നിർമ്മാണം സംബന്ധിച്ച പരിശോധനയ്ക്കായി ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമാസ്, സൂസമ്മ ആന്റണി, ദീപു ദിനേശ്, ജിജി ജോൺസൻ, സൂസി സുനിൽ, കൗൺസിലർമാരായ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, നിതാ പോൾ, പ്രീതി ബാബു, സ്ഥലമുടമകളായ വക്കച്ചൻ പുത്തൻവീട്ടിൽ, മാർട്ടിൻ ഊക്കൻ, വില്ലേജ് ഓഫീസർ ജയാനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.