ഗജരാജൻ ഗുരുവായൂർ കേശവന്റെ ഓർമ്മദിനം ഇന്ന്: പ്രണാമം അർപ്പിക്കാൻ ഇളംതലമുറക്കാരെത്തും
ഗുരുവായൂർ: ഗജരാജൻ ഗുരുവായൂർ കേശവന് പ്രണാമം അർപ്പിക്കുന്നതിനായി ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാർ ഇന്ന് ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ഒത്തുകൂടും.
രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഗജരാജൻ കേശവന്റെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമാകുക.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് ക്ഷേത്രവും ക്ഷേത്രക്കുളവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിന് മുൻപിലുള്ള കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പചക്രം സമർപ്പിക്കും.
ഇത്തവണ ഗജഘോഷയാത്രയിൽ ദേവസ്വത്തിന്റെ 15 ആനകൾ പങ്കെടുക്കും. ഗജഘോഷയാത്രയിൽ അണിനിരക്കുന്ന ആനകൾക്ക് പുന്നത്തൂർ ആനക്കോട്ടയിൽ വച്ച് ഉച്ചയ്ക്കുശേഷം മൂന്നിന് സമൃദ്ധമായ ആനയൂട്ടും നടത്തും.
ഓർമ്മകളുടെ 'കേശവീയം" ഇന്ന് മിഴിതുറക്കും
ഗുരുവായൂർ: ഗജരാജൻ ഗുരുവായൂർ കേശവന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്രമതിൽ 'കേശവീയം ' ഇന്ന് ഭക്തർക്ക് സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിലാണ് കേശവീയം ഒരുക്കിയത്.
ഏകാദശിയുടെ ഭാഗമായി ഇന്ന് നടക്കുന്ന കേശവൻ അനുസ്മരണച്ചടങ്ങിനു ശേഷമാകും കേശവീയം ചിത്രചുമരിന്റെ നേത്രോന്മീലനം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും ഭരണസമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരാകും. പരമ്പരാഗത കേരളീയ ചുമർചിത്ര ശൈലിയിലാണ് കേശവീയം ചുമർചിത്ര മതിൽ ചിത്രീകരിച്ചത്.
കേശവൻ നിലമ്പൂർ കാട്ടിൽ മേഞ്ഞു നടക്കുന്നത്, വാരിക്കുഴിയിൽ വീഴുന്നത്, നിലമ്പൂർ കോവിലകത്തു കേശവന് സ്വീകരണം, ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്, മാപ്പിള കലാപം, ആനയോട്ടത്തിൽ കേശവൻ വിജയിക്കുന്നത്, മദപാടിലുള്ള കേശവൻ, തടി പിടിക്കുന്നത്, കുട്ടികൾക്ക് മുമ്പിൽ കേശവൻ വഴി മാറുന്നത്, കേശവൻ ചെരിഞ്ഞു ഭഗവാനിൽ ലയിക്കുന്നത് തുടങ്ങിയ ജീവിത രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
50 അടി നീളവും 4 അടി ഉയരവുമുള്ള ചുമരിലാണ് ചിത്രീകരണം. അക്രിലിക് നിറങ്ങളിലാണ് വര. ചുമർച്ചിത്ര പഠനകേന്ദ്രത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ അഭിനവ്, ഗോവിന്ദദാസ്, രോഹൻ, ആരോമൽ, കാർത്തിക്, അശ്വതി, ശ്രീജ,അമൃത എന്നിവരും രണ്ടാം വർഷ വിദ്യാർത്ഥികളായ കരുൺ, അഭിജിത്,വിഷ്ണു അഖില,ഐശ്വര്യ, കവിത, സ്നേഹ, അപർണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
പ്രാദേശിക അവധി
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ മൂന്നിന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
പഞ്ചരത്ന കീർത്തനാലാപനം
ഗുരുവായൂർ: സംഗീതത്തിന്റെ പെരുമഴ തീർത്ത് പഞ്ചരത്ന കീർത്തനാലാപനം ഇന്ന്. ഏകാദശിയോട് അനുബന്ധിച്ച് നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിൽ രാവിലെ ഒമ്പതിനാണ് കർണാടക സംഗീതത്തിലെ പ്രഗത്ഭർ ചേർന്ന് പഞ്ചരത്ന കീർത്തനാലാപനം ആലപിക്കുക. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ തിങ്ങിനിറയുന്ന സദസിനു മുമ്പിൽ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങുക. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും സാദിഞ്ജനേയും വരാളിയിൽ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീർത്തനവും ആലപിക്കും. 17 വനിതകൾ ഉൾപ്പെടെ നൂറോളം സംഗീതജ്ഞർ പഞ്ചരത്ന കീർത്തനാലാപനത്തിൽ അണിനിരക്കും.