 പുല്ലൂറ്റ് പുതിയ പോസ്റ്റ് ഓഫീസിന് സമീപം മാള - കൊമ്പത്തുകടവ് റോഡരിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
പുല്ലൂറ്റ് പുതിയ പോസ്റ്റ് ഓഫീസിന് സമീപം മാള - കൊമ്പത്തുകടവ് റോഡരിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
മാള - കൊമ്പത്തുകടവ് റോഡിൽ ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു
കൊടുങ്ങല്ലൂർ: ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പുല്ലൂറ്റ് പുതിയ പോസ്റ്റ് ഓഫീസിന് സമീപം മാള - കൊമ്പത്തുകടവ് റോഡരിലെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. പ്രദേശത്തെ പല വീടുകളിലും വെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഇതിനോടകം പാഴായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമില്ലെന്നാണ് ആക്ഷേപം.
പൊട്ടിയ പൈപ്പിൽ നിന്നൊഴുകുന്ന കുടിവെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. വെള്ളം ഒഴുകി റോഡിന്റെ നടുവിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ദിവസം വൈകുംതോറും ഗർത്തത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിക്കും. വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് കുഴി കൃത്യമായി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഇത് അപകടക്കെണിയാണ്.
കൂടാതെ റോഡിൽ ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം വെള്ളം ശക്തമായി ഒഴുകിപ്പോവുന്ന അവസ്ഥയായിരുന്നു. കുടിവെള്ളത്തിന് വേണ്ടി കുടുംബങ്ങൾ കഷ്ടപ്പെടുമ്പോൾ ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. അടിയന്തരമായി തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.