പാവറട്ടി: റവന്യൂ മന്ത്രിയുടെ ഉറപ്പ് ഗൗനിക്കാതെ ജില്ലാ ഭരണകൂടം നിലകൊണ്ടതോടെ വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാവ് പള്ളിക്കടവിലെ കായൽ പ്രദേശം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നികത്തി തുടങ്ങി. കായലിലെ മണ്ണും ചളിയും അനധികൃതമായി എടുത്താണ് നികത്തൽ നടത്തുന്നത്. വെങ്കിടങ്ങ് വില്ലേജ് അധികാരികൾ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. കടവിൽ നിന്ന് തെക്ക് ഭാഗത്തുള്ള ഇരിമ്പ്രനെല്ലൂർ വില്ലേജിൽ ഉൾപ്പെട്ട ജലാശയമാണ് ഇപ്പോൾ നികത്തി കൊണ്ടിരിക്കുന്നത്. ഏനാമാവ് കായലിലുള്ള വള്ളയേൻ മാട് ദ്വീപിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ റിസോർട്ടുമായി ബന്ധപ്പെട്ടാണ് സ്വകാര്യ വ്യക്തികൾ കായൽ നികത്തുന്നത്. നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് നിയമവിരുദ്ധമായ ഈ നികത്തൽ നടക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുൾപ്പടെയുള്ള സംഘടനകളും കായൽ നികത്തലിനെതിരെ രംഗത്തെത്തിയിരുന്നു. മുരളി പെരുനെല്ലി എം.എൽ.എ നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും റവന്യൂ മന്ത്രി കെ. രാജൻ കായൽ നികത്തുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മറുപടി നൽകുകയും ചെയ്തിരുന്നെങ്കിലും സ്വകാര്യ വ്യക്തികൾ ഇപ്പോഴും യഥേഷ്ടം കായൽ നികത്തൽ തുടരുകയാണ്. മത്സ്യങ്ങൾ പ്രജനനം നടത്തുന്നത് ഇത്തരം കായൽ പ്രദേശങ്ങളിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലാണ്. ഇവിടമാണ് ഏക്കറിലധികം ഭാഗം മണ്ണിട്ട് നികത്തപ്പെട്ടത്. കൂടാതെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ തൊഴിൽ ചെയ്ത് മീൻ പിടിക്കുന്നതും ഇത്തരം പ്രദേശങ്ങളിലാണ്. ആയതിനാൽ അടിയന്തരമായി കളക്ടർ ഇടപെട്ട് പുഴ നികത്തൽ നിറുത്തിവയ്ക്കണമെന്നും നികത്തിയ ഭാഗം പൂർവസ്ഥിതിയിലാക്കണമെന്നും ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വെങ്കിടങ്ങ് ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് കെ.വി. മനോഹരൻ ആവശ്യപ്പെട്ടു.
വെങ്കിടങ്ങ് വില്ലേജ് അധികാരികളും ചാവക്കാട് തഹസിൽദാറും കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും കായൽ നികത്തുന്നതിനെതിരെ യാതൊരു നടപടിയും കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ല. നികത്തിയ കായൽപ്രദേശം പൂർവാവസ്ഥയിലാക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ ഉണ്ടാകണം.
- പി.എ. രമേശൻ
(ഏരിയ സെക്രട്ടറി,
കെ.എസ്.കെ.ടി.യു മണലൂർ)