വരന്തരപ്പിള്ളി: കാട്ടാനശല്യം രൂക്ഷമായ വരന്തരപ്പിള്ളി നടാമ്പാടം കള്ളച്ചിത്ര ആദിവാസി കോളനിയിൽ സൗരോർജ വേലി സ്ഥാപിക്കും. കാട്ടാനശല്യം രൂക്ഷാമയ മേഖലയിൽ സൗരോർജ വേലി സ്ഥാപിക്കാൻ ഉടൻ അനുമതി നൽകുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസർ കെ.പി. പ്രേംഷമീർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റുകയും കോളനി നിവാസികളുടെ സംരക്ഷണത്തിനായി കോളനിക്കുചുറ്റും വൈദ്യുതി വേലി അടിയന്തരമായി സ്ഥാപിക്കുകയും ചെയ്യും.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനകൾ പകൽ സമയങ്ങളിൽ കോളനിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിൽക്കുകയും രാത്രിയാകുമ്പോൾ കോളനിയുടെ തെക്ക് ഭാഗത്തുള്ള തോട്ടിലൂടെ ചെക്ക് ഡാം വഴി പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതവേലി തകർത്ത് കോളനിയിലേക്ക് എത്തുകയുമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് ജീവനക്കാർ കയറ്റിവിടുന്നുണ്ട്. എന്നാൽ കോളനിയോട് ചേർന്ന കൊച്ചിൻ മലബാർ എസ്റ്റേറ്റിലെ മരംമുറി നടക്കാത്തതിനാൽ വൻതോതിൽ അടിക്കാടുകൾ വളർന്ന് നിൽക്കുന്നതും തോട്ടങ്ങളിൽ നിന്ന് ഭക്ഷണവും വെള്ളവും ലഭിക്കുന്നതും കാരണം ആനകൾ കാട്ടിലേക്ക് തിരികെ പോകാതെ നിൽക്കുകയാണ്.

കോളനിക്ക് ചുറ്റും പരിശോധന നടത്തി 1100 മീറ്റർ ദൂരം സൗരോർജ വേലി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത് ഡിവിഷണൽ ഓഫീസിലേക്ക് അയയ്ക്കും.
-കെ.പി. പ്രേംഷമീർ
(പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ)