vaisak

തൃശൂർ: ബൈക്ക് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഹീമോഫീലിയ രോഗിക്ക് നേരെ ക്രൂരമർദ്ദനം. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വൈശാഖിനെ (26) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേരളവർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ കടയിൽ കഴിഞ്ഞ 28-ാം തിയതിയായിരുന്നു ആക്രമണം. നാട്ടുകാരനെന്ന പരിചയം വച്ച് ഇയാൾ മിഥുൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന് പുതിയ വണ്ടി ഓടിക്കാൻ ചോദിക്കുകയായിരുന്നു. തരാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയ ഇയാൾ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടുമെത്തി മർദ്ദിക്കുകയായിരുന്നു. തന്റെ അസുഖം ഇയാൾക്ക് അറിയാമെന്നും എന്നിട്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും മിഥുൻ പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.