കൊടുങ്ങല്ലൂർ തീരപ്രദേത്ത് ബോധവത്കരണത്തിനിടയിലും ലഹരിമാഫിയ സജീവം
കൊടുങ്ങല്ലൂർ: എക്‌സൈസും പൊലീസും ലഹരി വിൽപ്പനക്കും ഉപയോഗത്തിനെതിരെയും അറസ്റ്റും ബോധവത്കരണവും തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലും തീരദേശത്ത് ലഹരി മാഫിയ സംഘങ്ങൾ സജീവം. ജനശ്രദ്ധ എളുപ്പത്തിൽ ചെന്നുപെടാത്ത മേഖലകളിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളെന്ന് പറയുന്നു.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. ആളൊഴിഞ്ഞിടങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
മയക്കുമരുന്ന് കേസുകളും ഇവയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം അടുത്ത അവസരങ്ങളിൽ കുറഞ്ഞിട്ടുണ്ടെങ്കിലും തീരദേശ പാർക്ക്, സ്‌കൂൾ ഗ്രൗണ്ട്, ഒഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ലഹരിമാഫിയുടെ സാന്നിദ്ധ്യം ഇപ്പോഴും സജീവമാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ പകൽ സമയങ്ങളിലും അവധി ദിവസങ്ങളിൽ രാത്രിയുമാണ് വിൽപ്പന. പാർക്കുകളിലും ബീച്ചിലുമെത്തുന്ന യുവാക്കളാണ് ലഹരി മാഫിയയുടെ പ്രധാന ഇരകൾ. നേരത്തെ സ്‌കൂൾ, കോളേജുകൾ എന്നിവയ്ക്ക് സമീപം മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നുവെങ്കിൽ ഇപ്പോൾ സംഘങ്ങൾ താവളങ്ങൾ മാറ്റിയ സ്ഥിതിയാണ്.
ലഹരിയെ ചെറുക്കാൻ കാമ്പയിനുകൾ
കോളേജുകൾ, സ്‌കൂൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തി പൊലീസും എക്‌സൈസും ലഹരിമാഫിയകളെ ചെറുക്കാൻ രംഗത്തുണ്ട്. സർക്കാർ വകുപ്പുകളും ലഹരി വിരുദ്ധ കാമ്പയിനായി രംഗത്തുണ്ട്. കൊടുങ്ങല്ലൂർ മേഖലയിൽ രണ്ട് കോളേജുകളിലും, 51 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലുമായി എക്‌സൈസ് സംഘം ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് വാർഡുകൾ തോറും മയക്കുമരുന്നിനെതിരെ ഫുട്‌ബാൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി ഗോൾ ചലഞ്ച് നടത്തി വരുന്നത് യുവാക്കാൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.