കൊടുങ്ങല്ലൂർ: അയ്യപ്പ വിശ്രമ കേന്ദ്രത്തിൽ ഭക്ഷണം നൽകുന്നതിന് വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ സൗജന്യമായി നൽകി നഗരസഭ ജീവനക്കാരൻ. ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ നഗരസഭ ഒരുക്കിയ അയ്യപ്പ വിശ്രമകേന്ദ്രത്തിലേക്കാണ് നഗരസഭയിലെ സാനിറ്റേഷൻ വർക്കറായ പി.എൽ. സുബ്രഹ്മണ്യൻ അരിയും പച്ചക്കറിയും നൽകിയത്. ഒരു ചാക്ക് അരിയും, 35 കിലോ കപ്പയും, 40 നാളികേരവും, ഒരുകുല നേന്ത്രക്കായയുമാണ് നൽകിയത്. മുൻസിപ്പൽ കണ്ടിജന്റ് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗമാണ് സുബ്രഹ്മണ്യൻ. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും ചേർന്ന് ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർമാരായ ഇ.ജെ. ഹിമേഷ്, അനിത ബാബു എന്നിവർ സംബന്ധിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിവസവും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി നഗരസഭ വിശ്രമ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്.