കൊടകര: വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ് ഹൈസ്‌കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ പ്രസന്റേഷൻ എവർ റോളിംഗ് ട്രോഫിക്കും ദേവസ്യ പ്ലാക്കൂട്ടം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുമായുള്ള പെൺകുട്ടികളുടെ ഇരുപത്തിരണ്ടാമത് അഖില കേരള ഇന്റർ സ്‌കൂൾ വോളിബാൾ ടൂർണമെന്റ് 5, 6 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആതിഥേയരടക്കം എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ദേശീയ ജൂനിയർ വോളിബാൾ പരിശീലകൻ ബിജോയ് ബാബു ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് നടക്കുന്ന സമാപനചടങ്ങിൽ പൂർവ വിദ്യാർഥികൂടിയായ പൊലീസ് അക്കാഡമി അസി. ഡയറക്ടർ പി. വാഹിദ് സമ്മാനദാനം നടത്തും. വാർത്താസമ്മേളനത്തിൽ പ്രധാനദ്ധ്യാപിക സിസ്റ്റർ ലിസ്മിൻ, കായികാദ്ധ്യാപിക സിസ്റ്റർ ജനീവ, അദ്ധ്യാപിക റെക്‌സി, പി.ടി.എ പ്രതിനിധികളായ സി.പി. ജോൺസൻ, ശ്രീജിത എന്നിവർ പങ്കെടുത്തു.