lab-udgadanam

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച കർമ്മനീതി ലാബിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ്മ നീതി ലാബ് പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. 1999 ലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നീതി ലാബ് പ്രവർത്തനം ആരംഭിച്ചത്്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ചികിത്സ സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക മെഷിനറികൾ ഒരുക്കി ലാബ് സജ്ജമാക്കിയത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും ഞായറാഴ്ചകളിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ലാബ് പ്രവർത്തിക്കും. കൊടകര ബ്ലോക്കിനു കീഴിലുള്ള മുഴുവൻ ജനങ്ങൾക്കും ലാബിന്റെ സേവനം ലഭ്യമാകും.


കർമ്മനീതി ലാബിന്റെ പ്രത്യേതകൾ
ഇലക്ട്രോലൈറ്റ് അനലൈസർ, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി അനലൈസർ എന്നീ മൂന്ന് മെഷിനറികളാണ് സ്ഥാപിച്ചത്. നവീകരണത്തിന്റെ ഭാഗമായി മൂന്ന് പുതിയ ജീവനക്കാരെ പുതുതായി നിയമിച്ചു. 1600 രൂപ ചെലവ് വരുന്ന കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് 999 രൂപയ്ക്ക് ലാബിൽ നിന്ന് ലഭിക്കും. കൂടാതെ മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം വരെ ഇളവും ലഭിക്കും.