haneefa
ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളും ഖുറാനുമായി ഖനീഫ.

ചാലക്കുടി: അങ്ങനെ ഹനീഫയുടെ നാണയ പ്രദർശനം അതിരപ്പിള്ളിയിലുമെത്തി. തന്റെ ജീവിത സമ്പാദ്യത്തിന്റെ സിംഹഭാഗവും വിനിയോഗിച്ച് മതിലകം മുളംപറമ്പിൽ ഹനീഫ സ്വരൂപിച്ച അമൂല്യനിധിയാണ് ഇവിടെ ചലഞ്ച് വൺ ടൂറിസ്റ്റ് ടവറിൽ കൗതുകക്കാഴ്ചയായത്. 137രാജ്യങ്ങളുടെ നാണയങ്ങൾ, നോട്ടുകൾ എന്നിവയുമാണ് ഈ അറുപത്തിയാറുകാരൻ ക്യാമ്പിൽ വിസ്മയമൊരുക്കിയത്. 1800കളിലെ നിരവധി കല്ലുനാണയങ്ങൾ ഫയലുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ശേഖരത്തിൽ കൂടുതലും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയും. 350, 650, 1000, 1500 തുടങ്ങിയ ഇന്ത്യൻ നാണയങ്ങൾ, റിസർവ് ബാങ്ക് ഇതുവരെ പുറത്തിറക്കിയ നോട്ടുകൾ ഇവയെല്ലാം ഇയാളുടെ അരുമ സന്തതികൾ. കല്ലച്ചിൽ നിർമ്മിച്ച വിവിധ രാജ്യങ്ങളുടെ നാണയക്കൂമ്പാരങ്ങളും വിജ്ഞാന ശേഖരം. മരുമകൻ ഖത്തറിൽ നിന്നുമയച്ച ഫിഫ റിയാലും ഹനീഫയുടെ കൈകളിലെത്തി. ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളും ഖുറാനും ശേഖരത്തിലെ വേറിട്ട കാഴ്ചയായി. അതിരപ്പിള്ളിയിൽ കൊണ്ടുവന്നില്ലെങ്കിലും ഇതുവരെ ഇറങ്ങിയ എല്ലാ മൊബൈൽ ഫോണുകളും ഉപയോഗ രഹിതമായുണ്ട്. 1950 മുതൽ ഇറങ്ങിയ എല്ലാ ഡയറികളും എഴുത്തുകുത്തില്ലാതെ അലമാരകളിൽ വിശ്രമിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് മുതലുള്ള ശീലമാണ് ഇന്നു ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന അമൂല്യ നിധി കൂമ്പാരത്തിലെത്തിയത്. ആദ്യം നോട്ടീസ് ശേഖരയ്ക്കിലായിരുന്നു വിനോദം. പിന്നീട് ഡയറിലേയ്ക്ക് മാറി. തുടർന്നായിരുന്നു മറ്റുള്ളവയുടെ ഭ്രമം. വർഷങ്ങളായി ഇവയുടെ പ്രദർശനവും ഇതോടൊപ്പം കുട്ടുന്ന അപൂർവ വസ്തുക്കൾ ശേഖരിക്കലും മുറപോലെ നടക്കുന്നു. എൽ.ജെ.ഡിയുടെ സജീവ പ്രവർത്തകനാണ് ഹനീഫ. അതുകൊണ്ടാണ് പാർട്ടിയുടെ ജില്ലാ പഠനക്യാമ്പും പ്രദർശവേദിയാക്കിയത്.