പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികളും, ജീവനക്കാരും ചേർന്നുള്ള സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു. വലപ്പാട് ഫുസോ ടർഫ് കോർട്ടിൽ നടന്ന മത്സരത്തിൽ പി.എസ് ഇലവൻ ഒന്നാം സ്ഥാനവും പ്രസിഡന്റ് ഇലവൻ രണ്ടാം സ്ഥാനവും നേടി. ഫൈനൽ മത്സരത്തിൽ ഗോൾരഹിത സമനിലയിലെത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലും സമനിലയിലായപ്പോൾ ടോസിലൂടെയാണ് പി.എസ്. ഇലവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു ടീമിൽ ആൺ - പെൺ വ്യത്യാസമില്ലാതെ ലിംഗസമത്വത്തിനു മാതൃക കൂടിയായിരുന്നു ഫുട്‌ബാൾ സൗഹൃദ മത്സരം. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ സുരേഷ്, ഷൈനി ബാലകൃഷ്ണൻ, ശുഭ സുരേഷ്, ഒ.എസ്. അഷറഫ്, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.