കൊടുങ്ങല്ലൂർ: കെ.എം. സീതി സാഹിബിന്റെ സ്വാതന്ത്ര്യ സമര കാലത്തെ പ്രവർത്തനങ്ങൾ നിയമസഭാ മ്യൂസിയത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1925ൽ ആദ്യമായി തിരുവനന്തപുരത്തെത്തിയ മഹാത്മാഗാന്ധി കന്റോൺമെന്റ് മൈതാനത്ത് നടന്ന പൗരസ്വീകരണ മഹാസമ്മേളനത്തെ അഭിസബോധന ചെയ്തപ്പോൾ ലാ കോളേജ് വിദ്യാർത്ഥിയായ സീതി സാഹിബിനാണ് പരിഭാഷ നിർവഹിക്കാൻ അവസരം കിട്ടിയത്. "Water, water, every where, Nor any drop to drink" എന്ന സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്‌ന്റെ വരികൾ മഹാത്മാഗാന്ധി ഉദ്ധരിച്ചപ്പോൾ 'വെള്ളം വെള്ളം സർവത്ര തുള്ളികുടിപ്പാനില്ലത്രേ' എന്ന് സീതിസാഹിബ് പരിഭാഷപ്പെടുത്തിയത് മലയാള ഭാഷക്ക് കിട്ടിയ മഹത്തരമായ വാക്കുകളായി ഇന്നും നിലകൊള്ളുന്നു. സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനുമായ അദ്ദേഹത്തിന്റെ ഒരു രേഖയും നിയമസഭാ മ്യൂസിയത്തിലില്ലെന്ന് കെ.എം. സീതി സാഹിബ് സാംസ്‌കാരിക ചർച്ചാ വേദി പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ, ജന. സെക്രട്ടറി ശംസുദ്ദീൻ വാത്യേടത്ത് എന്നിവർ ഇ.ടി. ടൈസൺ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ മന്ത്രി കെ. രാജനോട് പറഞ്ഞു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി ഉറപ്പ് നൽകി.