അഴീക്കോട് - മുനമ്പം പാലം നിർമ്മാണം നീളുന്നു

കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമ്മാണം അകാരണമായി നീളുന്നതിൽ ആശങ്ക. തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാലത്തിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ യാതൊരനക്കവും സംഭവിച്ചിട്ടില്ല.

എസ്റ്റിമേറ്റ് സംഖ്യയായ 143 കോടിക്ക് ഫിനാൻഷ്യൽ സെക്ഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലയെന്നാണ് വിവരം. ഇതു സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോർഡ് തിരുവനന്തപുരം ധനകാര്യ വകുപ്പിന് കഴിഞ്ഞ ഒക്ടോബർ 21ന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ ഈ മാസം 31ന് മുമ്പായി ഈ തുകയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ ടെൻഡർ റദ്ദാകുമെന്ന് പറയുന്നു. ആദ്യ ടെൻഡർ കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ ടെൻഡർ സർക്കാർ തന്നെ നിരസിച്ചു. അതിനു ശേഷമാണ് കുറഞ്ഞ തുകക്കുള്ള രണ്ടാമത്തെ ടെൻഡർ നടന്നത്. ടെൻഡർ സംഖ്യക്ക് അനുമതി ലഭിക്കാതെ വന്നാൽ പാലം നിർമ്മാണം പിന്നെയും നീളും.

അപ്രോച്ച് റോഡിന് ഭൂമി കൈമാറണം

അഴീക്കോടുള്ള ഫിഷറീസ് ഭൂമി അപ്രോച്ച് റോഡിന് കൈമാറാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ അടിയന്തര നടപടിയുണ്ടാകണമെന്ന് പാലം സമരസമിതി ചീഫ് കോ- ഓഡിനേറ്റർ പി.എ. സീതി മാസ്റ്ററും ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്തും റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നിർമ്മാണം വേഗത്തിലാക്കണമെന്ന് സി.പി.എം അനുകൂല സംഘടനയായ അഴീക്കോട് പ്രവാസി അസോസിയേഷൻ (യു.എ.ഇ) പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ തടസങ്ങൾക്കെതിരെ അഴീക്കോട് - മുനമ്പം പാലം സമരസമതി നടത്തിവരുന്ന പ്രക്ഷോഭം കടുപ്പിക്കാനും ആലോചനയുണ്ട്.