court

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് ജീവനക്കാർ തട്ടിപ്പിലൂടെ സമ്പദിച്ച സ്ഥലങ്ങളും കെട്ടിടങ്ങളുമടക്കം 58 സ്വത്തുവകകൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. ബാങ്ക് സെക്രട്ടറിയായിരുന്ന സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റജി കെ.അനിൽ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. 2011 മുതൽ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കൾ ഇത്തരത്തിലുള്ളതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിജോയിയുടെ പേരിൽ പീരുമേട്ടിലുള്ള ഒമ്പതേക്കർ ഭൂമിയും ഇതിൽപ്പെടും.

തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റുംകര എന്നിവിടങ്ങളിലാണ് മറ്റ് വസ്തുവകകളുള്ളത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം ഭൂമിയുള്ളത്. പരാതി ഉയർന്ന കാലത്ത് പ്രതികൾ 117 കോടിയുടെ വ്യാജ ലോണുകൾ തരപ്പെടുത്തി ഈ തുക തട്ടിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ഒന്നാം പ്രതിയായ സുനിൽകുമാർ തട്ടിപ്പിലൂടെ സമ്പാദിച്ചതിന്റെ രേഖകൾ കണ്ടെത്താനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജിൽസ് 13 കോടിയും കിരൺ 23 കോടിയും ബിജുകരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്ന് സഹകരണ വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സ്വത്ത് ലേലം ചെയ്യും

കണ്ടുകെട്ടുന്ന സ്വത്തുക്കളെല്ലാം ലേലത്തിന് വച്ച് തുക ബാങ്കിന്റെ ബാദ്ധ്യതയിലേക്ക് വരവ് വയ്ക്കും. സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്ന് സ്വത്ത് കണ്ടുകെട്ടുന്നത് അപൂർവമാണ്. നൂറ് വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുണ്ട് കരുവന്നൂർ ബാങ്കിന്. പേപ്പർ ബാഗ് യൂണിറ്റും ജനസേവന കേന്ദ്രവും റബ്‌കോ വളം ഏജൻസിയും 150ഓളം ജീവനക്കാരുമായി വളർച്ചയുടെ പാതയിലായിരുന്നു.

കമ്മിഷൻ ഏജന്റിന്റെ 30.70 കോടി ആസ്തി കണ്ടുകെട്ടി

കൊച്ചി​: ബാങ്കി​ന്റെ കമ്മി​ഷൻ ഏജന്റായി​രുന്ന എ.കെ. ബി​ജോയി​യുടെ 30.70കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി​. 2010 മുതൽ ബാങ്കി​ന്റെ ഭരണസമി​തി​യും സെക്രട്ടറി​യുമായി​ ബി​ജോയ് ഗൂഢാലോചന നടത്തി​ ഈടി​ല്ലാതെ 26.60കോടി രൂപ പണമായി​ വായ്പ നൽകി​യെന്നാണ് കേസ്. കേരള പൊലീസ് രജി​സ്റ്റർചെയ്ത കേസി​ന്റെ അടി​സ്ഥാനത്തി​ലാണ് ഇ.ഡി​ അന്വേഷണം ആരംഭി​ച്ചത്. തൃശൂർ ജി​ല്ലയി​ൽ 16 കേസുകളാണ് ക്രൈംബ്രാഞ്ച് കേസ് രജി​സ്റ്റർ ചെയ്തി​രുന്നത്. ഒരേവസ്തു പണയംകാണി​ച്ച് ബാങ്ക് നി​രവധി​ വ്യാജവായ്പകൾ അനുവദി​ച്ചു. വലി​യ തുകകളുടെ​ നി​ക്ഷേപവും സ്വീകരി​ച്ചതായി​ ബാങ്ക് രേഖകളി​ലുണ്ടെന്ന് ഇ.ഡി​ അറി​യി​ച്ചു.

ബി​ജോയി​യുടെ സ്വത്തുക്കൾ • ഭൂമിയും കെട്ടിടങ്ങളും : 20 • ഒ‌ൗഡി​ കാർ : 1 • ഇന്നോവ കാർ : 1 • ഇന്ത്യൻ രൂപ : # 3,40,000 • വി​ദേശ കറൻസി​ : 2,08,124 • 57 ബാങ്ക് അക്കൗണ്ടുകളി​ൽ: ₹35,86,990