വടക്കാഞ്ചേരി: മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന് കെൽട്രോണിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ കെട്ടിടങ്ങളിലും ക്യുആർ കോഡ് പതിപ്പിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്തു. ഡിസംബർ മാസം മുതൽ മുഴുവൻ മാലിന്യ ശേഖരണവും ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയായിരിക്കും നടപ്പാക്കുക. ഇതോടുകൂടി ഹരിതകർമ്മ സേനയുടെ മുഴുവൻ പ്രവർത്തനങ്ങളും നഗരസഭയിലെ ഉദ്യോഗസ്ഥർ തൊട്ട് ബന്ധപ്പെട്ട വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥർക്ക് വരെ ഏത് സമയവും വിലയിരുത്താൻ കഴിയും. പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കുവാനുള്ള സംവിധാനം, ഹരിതകർമ്മ സേനയ്ക്ക് അശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുവാനുള്ള സംവിധാനം, ഉദ്യോഗസ്ഥർക്ക് ഹരിതകർമ്മ സേനയുടെ ജോലി ഓരോ ദിവസവും പ്രത്യേകം തിരിച്ച് നൽകാനുള്ള സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങൾ കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെട്ട ഈ പദ്ധതി പേരുപോലെ തന്നെ സ്മാർട്ട് ആണ് എന്ന് മാത്രമല്ല ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്നതുമാണ്.
ജില്ലയിൽ ഏറ്റവും ആദ്യം ക്യുആർ കോഡ് പതിപ്പിച്ച് സർവേ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കിയ നഗരസഭ വടക്കാഞ്ചേരി ആണ്. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. നഗരസഭയിലെ ഓരോ വീടുകളും സന്ദർശിച്ച് ഒരു വീട്ടിൽ 15 മിനിറ്റോളം ചെലവഴിച്ചാണ് സർവേയും ക്യുആർ കോഡ് പതിപ്പിക്കലും പൂർത്തിയാക്കിയത്.
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വവും കൂടുതൽ ശാസ്ത്രീയതയും കൊണ്ടുവരികയാണ് നഗരസഭ എന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ അറിയിച്ചു.
മാലിന്യ സംസ്‌കരണ രംഗത്ത് ഏറ്റവും ആധുനിക സങ്കേതങ്ങൾ നടപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം
-പി.എൻ. സുരേന്ദ്രൻ
(നഗരസഭാ ചെയർമാൻ)