ചാലക്കുടി: പിണറായി സർക്കാർ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നതിൽ ആശങ്ക അറിയിച്ച് എൽ.ജെ.ഡി ജില്ലാ നേതൃ പഠന ക്യാമ്പ്. അറബിക്കടൽ അദാനിക്ക് പണയം വച്ച് ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടുന്നതും ഉപഗ്രഹ സർവേ പോലുള്ള ശാസ്ത്രീയ സംവിധാനം ലഭ്യമായിട്ടും പാവപ്പെട്ടവന്റെ പറമ്പിൽ കുറ്റിയടിക്കുന്ന നയങ്ങൾ തിരുത്തപ്പെടണമെന്ന് അതിരപ്പിള്ളിയിൽ സമാപിച്ച ജില്ലാ പഠന ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുന്നണിയിലെ കേരള കോൺഗ്രസുകൾ, എൻ.സി.പി, ഐ.എൻ.എൽ തുടങ്ങിയ പാർട്ടികൾ ഇടതുപക്ഷ ആശയങ്ങൾക്ക് രാഷ്ട്രീയ സംഭാവന ചെയ്യുന്നവയല്ല. സോഷ്യലിസ്റ്റ് ആശയമുള്ള പാർട്ടികൾ യു.ഡി.എഫിലുണ്ട്. അവരെ ഇടതു ചേരിയിലെത്തിക്കാൻ ശ്രമങ്ങൾ വേണം. ഇതിനായി മുന്നിട്ടിറങ്ങാൻ എൽ.ജെ.ഡിക്ക് കഴിയും. പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വർഗീയ ധ്രൂവീകരണത്തെ തകർക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളുടെയും ഏകീകരണം അത്യന്ത്യാപേക്ഷിതമാണ്. പ്രമേയം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി വിൻസെന്റ് പുത്തൂർ അവതരിപ്പിച്ച പ്രമേയത്തെ സംസ്ഥാന കൗൺസിലംഗം കെ.സി. വർഗീസ് പിന്താങ്ങി.