നാട്ടിക ശ്രീനാരായണ കോളേജിൽ നടന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിൻ ശില്പശാല എസ്.പി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: സ്ത്രീകൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക എന്ന സന്ദേശം നൽകുന്ന 'ഓറഞ്ച് ദ വേൾഡ്' കാമ്പയിനിന്റെ ഭാഗമായി സ്ത്രീ ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാല നാട്ടിക ശ്രീനാരായണ കോളേജിൽ തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള ശാരീരിക ആക്രമണം തടയുന്നത് പോലെ പ്രധാനമാണ് അവർക്കെതിരെയുള്ള മാനസിക, വൈകാരിക ആക്രമണം തടയുന്നതും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകണമെന്നും ഐശ്വര്യ ഡോംഗ്രേ അഭിപ്രായപ്പെട്ടു. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, വിമൻസ് സെൽ അംഗങ്ങൾ സ്ത്രീ സുരക്ഷ തീം ഡാൻസ് അവതരിപ്പിച്ചു.
വനിതാശിശു സംരക്ഷണ വകുപ്പ് ഓഫീസർ മീര പി. അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ച് അഡ്വ. സിന്ധു ഉണ്ണിക്കൃഷ്ണനും സ്ത്രീകൾക്കായി നടപ്പിൽ വരുത്തിയിട്ടുള്ള പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് എസ്.ലേഖയും ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ് ജയ, സഖി വൺ സ്റ്റോപ്പ് സെന്റർ കോർഡിനേറ്റർ സുമിത കെ.എസ്, കൗൺസിലർ ദേവി ദേവദാസ്, കോളേജ് ഐ.സി.സി കോർഡിനേറ്റർ ഡോ.അനിത എന്നിവർ സംസാരിച്ചു.