തൃശൂർ: റോഡുകൾ വഴി തിരിച്ചുവിടുന്നതിന് മുമ്പ് പൊലീസ്, ആർ.ടി.ഒ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇനി പരിശോധന നടത്തി റോഡ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ റോഡ് വഴി തിരിച്ചുവിടാൻ അനുമതി നൽകൂ.
പ്രവൃത്തികൾ നടത്തുന്നതിനായി റോഡുകൾ വഴി തിരിച്ചുവിടുമ്പോൾ ബദൽ റോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ ഹരിത വി. കുമാർ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ നിർദ്ദേശം നൽകി. ബദൽ റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ ഏതൊക്കെ പോയിന്റുകളിൽ ആളുകളെ വയ്ക്കണം, എവിടെയൊക്കെ സൈൻ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആളുകളെ റോഡ് നിർമ്മാണത്തിന്റെ ചുമതലയുള്ള ഏജൻസി തന്നെ കണ്ടെത്തി നൽകണം. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വീതി കുറഞ്ഞ റോഡുകളിൽ ബാരിക്കേഡ് വച്ച് ഒരു സമയത്ത് ഒരു വാഹനം മാത്രമേ കടന്നുപോകുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. റോഡുകളിൽ കുഴിയെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ യാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ ആവശ്യമായ റിഫ്‌ളക്ടറുകളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണം.
പ്രധാന റോഡുകളിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇവ ആവശ്യമായ പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. അവയുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ഇതുമായി ബന്ധപ്പെട്ട സമിതി പൊലീസ്, ആർ.ടി.ഒ, തദ്ദേശ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടുന്നതാകണം. ജില്ലയിലെ പ്രധാന റോഡുകളിൽ ലൈൻ ട്രാഫിക് ഏർപ്പെടുത്തുന്നതിന് ഡിവൈഡർ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കണം. ഏജൻസികൾക്ക് സൈൻ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി. ദേശീയപാതയിൽ ആവശ്യമായ ഇടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്ന റോഡുകളിൽ സീബ്രാ ക്രോസിംഗുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഇതിന്റെ റിപ്പോർട്ട് നൽകുന്നതിനായി പൊലീസ്, ആർ.ടി.ഒ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളുളള സമിതിക്ക് രൂപം നൽകണം.
സ്‌കൂൾ സോൺ, അനുവദനീയമായ വേഗം, സീബ്രാ ക്രോസിംഗ് വ്യക്തമാക്കുന്ന ബോർഡുകളും വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിക്കണം.
ഡൈവേർഷൻ റോഡുകളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.
- ഹരിത വി. കുമാർ, കളക്ടർ