വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ തൊഴിൽസഭ പങ്കാളികൾക്കായി വിവിധ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, ഇന്റർവ്യൂ നേരിടുന്നതിനുള്ള പരിശീലനം, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനം എന്നിവയാണ് പ്രധാന പരിശീലന പരിപാടികൾ. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി തൊഴിൽസഭ രൂപീകരിച്ചതും ചേർന്നതും പൂർത്തിയാക്കിയതും വടക്കാഞ്ചേരി നഗരസഭയാണ്. തൊഴിൽസഭാ യോഗങ്ങൾ ചേർന്നിരിക്കുന്ന വേളയിൽ തൊഴിൽസഭ പങ്കാളികളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് മത്സര പരീക്ഷകൾക്ക് പങ്കെടുക്കുന്നതിനുള്ള പ്രായോഗിക അനുഭവക്കുറവും ഇംഗ്ലീഷ് ഭാഷയിലുള്ള വിനിമയ ശേഷിക്കുറവും ഇന്റർവ്യൂകളെ നേരിടുന്നതിനുള്ള ആത്മ വിശ്വാസക്കുറവും പരിഹരിക്കണം എന്നുള്ളതായിരുന്നു.
എ.എസ്.എ.പിയുമായി ഉടൻ എഗ്രിമെന്റ് ഒപ്പ് വയ്ക്കും. പരിശീലന പരിപാടികളുടെ മോഡ്യൂൾ തയ്യാറാക്കുന്നത് എ.എസ്.എ.പി ആണ്. ആധുനിക തൊഴിൽ അന്തരീക്ഷത്തിൽ വിജയിക്കുന്നതിന് അത്യന്താപേക്ഷികമായ സോഫ്റ്റ് സ്‌കിൽ ഉപയോഗിച്ച് പഠിതാക്കളെ മത്സര പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ മേഖലകളിലെ വിജയത്തിന് ഉദ്യോഗാർത്ഥികളുടെ കഴിവുകളെ പോസിറ്റീവായി വിജയിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ശക്തമായ സംവിധാനമാണ് നഗരസഭ നടപ്പാക്കുന്നത്. അതിദരിദ്ര പദ്ധതിയുടെ മൈക്രോപ്ലാൻ സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയതും ആയത് സമയബന്ധിതമായി നടപ്പാക്കുകയും വഴി വടക്കാഞ്ചേരി നഗരസഭ കാണിച്ച പുത്തൻ മാതൃക തൊഴിൽസഭയുടെ കാര്യത്തിലും തുടരുകയാണ്.
മത്സര പരീക്ഷകൾ നേരിടാൻ ആത്മവിശ്വാസമുണ്ടാക്കുകയെന്ന തൊഴിൽസഭ പങ്കാളികളുടെ ആവശ്യം നടപ്പാക്കുകയാണ് നഗരസഭ ഇതിലൂടെ ലക്ഷ്യമിടുന്നത്. എ.എസ്.എ.പി മുഖേനയാണ് പരിശീലന പരിപാടികൾ നടപ്പാക്കുന്നത്.
-പി.എൻ. സുരേന്ദ്രൻ
(നഗരസഭാ ചെയർമാൻ)