ചേലക്കര: പരീക്ഷയിൽ വിജയിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തത്തിനാൽ ബിരുദപഠനം സാദ്ധ്യമാവാതെ നിൽക്കുകയാണ് ഒരുപറ്റം വിദ്യാർത്ഥികൾ. പ്ലസ് ടു തുല്യതാപരീക്ഷയിൽ വിജയിച്ചവർക്കാണ് സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തത്. അതിനാൽ ബിരുദപഠനം ഉപേക്ഷിക്കേണ്ട സിഥിതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പലരും. മൂന്ന് മാസം മുമ്പാണ് പ്ലസ് ടു തുല്യതാപരീക്ഷയിൽ വിജയിച്ചത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സർവകലാശാലകളിൽ ബിരുദ പഠനത്തിനായി വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നു. എന്നാൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ബിരുദപഠനം സാദ്ധ്യമാകില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചതോടെ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥികൾ നെട്ടോട്ടമായി. ബ്ലോക്ക് തലത്തിലും ജില്ലാ, സംസ്ഥാന തലത്തിലുമെല്ലാം പ്ലസ്ടു സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാനായി കത്ത് നൽകി. ജില്ലയിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനായി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുള്ളത്. ഇതേ അവസ്ഥ തന്നെയാണ് സംസ്ഥാനത്തെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കുമുള്ളത്. സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കിയില്ലെങ്കിൽ ഒരു വർഷം വെറുതെ പോകുന്ന അവസ്ഥയാണ്. ഹയർസെക്കൻഡറി ബോർഡിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് ലഭ്യമാകേണ്ടത്. അത് എത്രയും വേഗത്തിൽ ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് വിദ്യാർത്ഥികൾ.