നന്തിക്കര: വിവിധ പരിശോധനകൾക്ക് ശേഷം പ്രസിദ്ധീകരിച്ച ലൈഫ് ഗുണഭോക്തൃപട്ടികയിൽ ആദ്യത്തെ 25 പേർക്ക് വീടും 5 പേർക്ക് വീടും സ്ഥലവും നൽകാൻ പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ 60 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ ധനസഹായവും ലഭ്യമാകും. ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം. പുഷ്പാകരൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബീന സുരേന്ദ്രൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ എം.യു. രാഗി, എം.സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 2023 ഏപ്രിൽ മാസത്തിൽ ഗൃഹപ്രവേശനം നടത്താൻ കഴിയുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും തീരുമാനിച്ചു.