ഇരിങ്ങാലക്കുട: ബാങ്കിൽ പണയം വച്ച സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് നൽകുന്നില്ലെന്ന് ആരോപിച്ച് കരുവന്നൂർ ബാങ്കിന് മുന്നിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതിഷേധം.

ബി.ജെ.പി കൗൺസിലർ ഉൾപ്പെട്ട ജനകീയ പ്രതിരോധ സമിതിയാണ് പ്രതിഷേധിച്ചത്. മാപ്രാണം സ്വദേശിയായ കളരിയ്ക്കൽ ശ്രീജേഷ് ബാങ്കിൽ നിന്നും 13 ലക്ഷം രൂപ ലോൺ എടുക്കുകയും ഇപ്പോൾ പലിശയടക്കം 24 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉള്ളപ്പോഴാണ് പണയത്തിലുള്ള സ്ഥലം വിൽക്കാനായി ആധാരത്തിന്റെ പകർപ്പിനായി ബാങ്കിനെ സമീപിച്ചത്. എന്നാൽ ആധാരത്തിന്റെ പകർപ്പ് നൽകാൻ അഡ്മിനിസ്‌ട്രേറ്റർ തയ്യാറായില്ലെന്നും, അപേക്ഷ നൽകിയതിന്റെ കൈപ്പറ്റ് രസീത് നൽകിയില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ഇതേത്തുടർന്നാണ് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാൻ പോലും ബാങ്കിൽ നിന്നും ആധാരത്തിന്റെ കോപ്പി നൽകുന്നില്ലെന്നും ഇത് മൂലം പാവപ്പെട്ടവർക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടപെടുന്നതായും കൗൺസിലർ ടി.കെ ഷാജു ആരോപിച്ചു. കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് എം.വി സുരേഷ്, ഷിയാസ് പാളയംകോട്ട് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട പൊലീസും സ്ഥലത്തെത്തി. എന്നാൽ ജപ്തി നടപടി നേരിടുന്ന ഭൂമിയുടെ ആധാരങ്ങൾ സെയിൽസ് ഓഫീസറുടെ കൈകളിലാണെന്നും അപേക്ഷയിൽ തീരുമാനമെടുക്കുന്നത് ഈ ഉദ്യോഗസ്ഥനാണെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. ദിവസവും നൂറ് കണക്കിന് അപേക്ഷകളാണ് ബാങ്കിൽ വരുന്നത്. ഇവയ്ക്ക് മുഴുവൻ കൈപ്പറ്റ് രസീത് നൽകൽ പ്രയോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോൺ കുടിശിക തീരെ അടയ്ക്കാത്ത ലൈഫ് പദ്ധതി അപേക്ഷകർക്ക് മാത്രമാണ് ആധാരത്തിന്റെ കോപ്പി നൽകാത്തത്. ഇതിൽ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് നിയമ പ്രശ്‌നമുണ്ടെന്നും അധികൃതർ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരമുള്ള ഭൂമി പന്ത്രണ്ട് വർഷത്തേക്ക് ക്രയവിക്രയം നടത്താൻ സാധിക്കില്ലെന്നും, ഇതുമൂലം ബാങ്കിന് കിട്ടേണ്ട ലോൺ തിരിച്ചടവിനെ ഇത് ബാധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.