ഗുരുവായൂർ: മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരുന്ന 66-ാമത് ദേശവിളക്കും അന്നദാനവും ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 4ന് നിർമ്മാല്യ ദർശനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും . 5ന് കേളിയും 6ന് മമ്മിയൂർ ഭഗവതിക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പും നടക്കും. തുടർന്ന് വിളക്കുപന്തലിൽ പ്രതിഷ്ഠാകർമ്മം, പുഷ്പാഭിഷേകം എന്നിവ നടക്കും. 7ന് ഗുരുവായൂർ കൃഷ്ണകുമാറിന്റെ അഷ്ടപദി, 9ന് ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, 10ന് ശ്രീഹരിഭജൻ സംഘം തൃശൂർ അവതരിപ്പിക്കുന്ന ഭക്തിമലർ തുടങ്ങിയവയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരനടയിൽ നിന്ന് ഗജവീരന്മാർ, താലപ്പൊലി, പഞ്ചവാദ്യം, നാദസ്വരം എന്നിവയുടെ അകമ്പടിയിൽ പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്കുപന്തലിൽ വൈകിട്ട് 7ന് ജി.കെ. പ്രകാശ് സ്വാമിയും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും രാത്രി 10ന് ശാസ്താംപാട്ടും തുടർന്ന് പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിഉഴിച്ചിൽ എന്നീ ചടങ്ങുകളും നടക്കും. ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്രത്തിൽ നിറമാല, ചുറ്റുവിളക്ക്, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും. അന്നേ ദിവസം ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങൾക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും വിപുലമായ അന്നദാനവും ഒരുക്കിയിട്ടുണ്ടെന്നും കാൽ നൂറ്റാണ്ടായി സമ്പ്രദായ ഭജന അവതരിപ്പിക്കുന്ന ജി.കെ.പ്രകാശിനെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മമ്മിയൂർ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് ഒ. രതീഷ്, ദേശവിളക്ക് ആഘോഷസമിതി ചെയർമാൻ കെ.കെ. ഗോവിന്ദദാസ്, ജനറൽ കൺവീനർ അനിൽകുമാർ ചിറയ്ക്കൽ, അന്നദാന കമ്മിറ്റി ചെയർമാൻ അരവിന്ദൻ പല്ലത്ത്, രാജഗോപാൽ മുള്ളത്ത്, രാമചന്ദ്രൻ പല്ലത്ത്, പി. സുനിൽകുമാർ, ഗോപൻ ടി. എസ്, നന്ദകുമാർ വാറാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.