കുറ്റിക്കാട് വളർന്നു നിൽക്കുന്ന കൊടുങ്ങല്ലൂർ ബൈപാസ് റോഡ്.
കൊടുങ്ങല്ലൂർ ബൈപസ് റോഡ് കാടുമൂടിക്കിടക്കുന്നു
കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ പുല്ലും കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നത് വിദ്യാർത്ഥികൾക്കും വാഹന യാത്രക്കാർക്കും അപകട സാദ്ധ്യതയുണ്ടാക്കുന്നു. ബൈപാസിലും സർവീസ് റോഡിലുമാണ് പുല്ലും കുറ്റിച്ചെടികളും വളർന്ന് കാട് കയറിയിട്ടുള്ളത്.
ഇതുമൂലം വഴി യാത്രക്കാരുടെ കാഴ്ച മറയുന്ന സ്ഥിതിയാണ്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിന്റെ ഭൂരിഭാഗ പ്രദേശവും കാടുകയറിക്കിടക്കുകയാണ്. ബൈപാസ് സിഗ്‌നൽ വഴിയും അല്ലാതെയും നിരവധി വിദ്യാർത്ഥികളും കാൽനട യാത്രക്കാരും റോഡ് മുറിച്ചു കടക്കുന്നത് പതിവാണ്. സൈക്കിളിൽ സഞ്ചരിക്കുന്നവരാണ് അധികവും ബുദ്ധിമുട്ടുന്നത്. റോഡ് മുറിച്ചു കടക്കുമ്പോൾ റോഡിന്റെ വശങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
പാഞ്ഞുവരുന്ന വാഹനങ്ങളും ഇവർക്ക് കാണാൻ പ്രയാസമാണ്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് കൂട്ടത്തോടെ നാല് സിഗ്‌നലുകളിലൂടെയും അല്ലാതെയും ദിവസവും റോഡ് മുറിച്ചു പോകുന്നത്. ബൈപാസിനരികിൽ സ്ഥാപനം നടത്തിവരുന്നവരിൽ ചിലർ അവരുടെ സ്ഥാപനത്തിന്റെ മുൻവശം വെട്ടിത്തെളിയിച്ചത് മാത്രമാണ് ഏക ആശ്വാസം. അധികൃതർ ഇക്കാര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് തീർച്ചയാണ്.